കാസർകോട്> മുസ്ലീംലീഗ് കാസർകോട് ജില്ലാ പ്രസിഡന്റും കാസർകോട് നഗരസഭ മുൻ ചെയർമാനുമായ തളങ്കര കടവത്ത് ടി ഇ അബ്ദുല്ല (74) അന്തരിച്ചു. കോഴിക്കോട് ബേബി മൊമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തളങ്കര മാലിക് ദിനാർ വലിയ ജമാഅത്ത് പള്ളിയിൽ. കാസർകോട്ടെ മുൻ എംഎൽഎ പരേതനായ ടി എ ഇബ്രാഹിമിന്റെയും സൈനബിയുടെയും മകനാണ്.
എംഎസ്എഫിലൂടെയാണ് ടി ഇ അബ്ദുല്ല പൊതുരംഗത്തെത്തിയത്. 2008 മുതൽ ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടർന്ന് ജില്ലാ പ്രസിഡന്റായി. മൂന്ന് തവണ കാസർകോട് നഗരസഭ ചെയർമാനായി. കാസർകോട് വികസന അതോറിറ്റി ചെയർമാനായിരുന്നു. കാസർകോട് സംയുക്ത മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി, മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളി വൈസ് പ്രസിഡന്റ്, ടി ഉബൈദ് ഫൗണ്ടേഷൻ ട്രഷറർ തുടങ്ങിയ പദവികൾ വഹിക്കുകയായിരുന്നു. ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്ന ടി ഇ അബ്ദുല്ല ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചു.
ഭാര്യ: സാറ. മക്കൾ: ഹസീന, ഡോ. സഫ്വാന, റസീന, ആഷിഖ് ഇബ്രാഹിം. മരുമക്കൾ: നൂറുദ്ദീൻ (ബഹ്റൈൻ), സക്കീർ (പള്ളിക്കര), ഫഹീം (കാഞ്ഞങ്ങാട്), റഹീമ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: ടി ഇ അബ്ദുൽ ഖാദർ (വ്യാപാരി, കാസർകോട്) ടി ഇ യൂസഫ്, അഡ്വ. ടി ഇ അൻവർ, ബീവി, ആയിഷ, റുഖിയ, പരേതനായ ടി ഇ മുഹമ്മദ്.