തിരുവനന്തപുരം> തിരുവനന്തപുരം വഞ്ചിയൂർ ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തിൽ നടന്ന ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
രജിസ്ട്രേഷൻ വകുപ്പ് നടത്തിയ പരിശോധനയിൽ നിക്ഷേപതട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടത്തിയായി കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരിൽ നിന്നും സ്ഥിരനിക്ഷേപമായി കൈപ്പറ്റിയ തുകകൾ വ്യാജ രജിസ്റ്ററിൽ രേഖപ്പെടുത്തി വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകി തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ.
സഹകരണ സംഘം രജിസ്ട്രാർ നിയോഗിച്ച അന്വേഷണ സംഘത്തിൻറെ കണ്ടെത്തലുകളെ തുടർന്ന് വ്യാജരേഖ ചമച്ച് പണാപഹരണം നടത്തിയത് സംബന്ധിച്ച് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി 408, 409, 420, 477എ, 34 വകുപ്പുകൾ പ്രകാരം വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ ക്രൈം നം.1266/2022 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
92.73 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തിയിട്ടുണ്ട്. സംഘത്തിൻറെ പ്രസിഡൻറ്, ഓണററി സെക്രട്ടറി, ഒരു ജീവനക്കാരൻ എന്നിവർക്ക് പങ്കുള്ളതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൻറെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ക്രൈംബ്രാഞ്ചിൻറെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസിൻറെ അന്വേഷണം കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ 2 ഡിവൈഎസ്പിമാർ, 3 ഡിറ്റക്ടീവ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ 13 പേരടങ്ങുന്ന പ്രത്യേക സംഘമാണ് തുടരന്വേഷണം നടത്തുക.
കേസിലെ പ്രതികളുടെ വസ്തുവകകളുടെ ക്രയവിക്രയം തടയണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്കും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതികളുടെ പേരിൽ ദേശസാൽകൃത ബാങ്കുകളിലും സഹകരണ ബാങ്കുകളിലും മറ്റുമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രമക്കേട് നടത്തിയ തുക ഈടാക്കുന്നതിനായി സംഘം പ്രസിഡൻറ്, ഒരു ജീവനക്കാരൻ എന്നിവരുടെയും ബന്ധുക്കളുടെയും പേരിലുള്ള 20 വസ്തുവകകൾ സഹകരണ വകുപ്പ് താൽക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. സംഘം പ്രസിഡൻറ്, ജീവനക്കാരൻ, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മുഴുവൻ സ്ഥാവരവസ്തുക്കളും കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയവരുടെ വസ്തുവകകളിൽ നിന്നും തുക ഈടാക്കി നിക്ഷേപകർക്ക് നൽകുന്നതിനുള്ള നടപടികൾ സഹകരണ വകുപ്പ് സ്വീകരിച്ചുവരുന്നു.
കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാമ്പത്തികരംഗമാണ് സഹകരണ മേഖല. ഈ മേഖലയിൽനടക്കുന്ന ചെറിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും പോലും ഗൗരവമായികണ്ട് തുടർന്നും നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.