കൊച്ചി> എറണാകുളം നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ തമ്മനം- പുല്ലേപ്പടി റോഡിന്റെ വികസനം തടസപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ടി എ വിനോദ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ തമ്മനം പുല്ലേപ്പടി റോഡിന്റെ ഭൂമിയേറ്റെടുക്കൽ നടപടികൾ തുടരുകയാണ്. ഭൂമിയേറ്റെടുക്കുന്നതിന് 93.09 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകുകയും ചെയ്തിരുന്നു. പൂണിത്തുറ, എളംകുളം, എറണാകുളം, ഇടപ്പള്ളി സൗത്ത് എന്നീ വില്ലേജുകളിലായി 3.69 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കിഫ്ബി മാനദണ്ഡപ്രകാരം 22 മീറ്റർ വീതിയിലാണ് റോഡിന്റെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. ഒരു വർഷം മുമ്പാണ് പദ്ധതിക്കുള്ള ഡിപിആർ തയ്യാറാക്കിയത്. ഇതനുസരിച്ച് അതിർത്തി കല്ല് ഇടുന്ന പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാൽ ജനങ്ങൾ തടസവാദം ഉന്നയിച്ചതിനെ തുടർന്ന് ഇപ്പോൾ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പദ്ധതിക്കായി തയ്യാറാക്കിയ 169.89 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ കിഫ്ബിയുടെ പരിഗണനയിലാണ് ഉള്ളത്.
എറണാകുളം നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ തമ്മനം- പുല്ലേപ്പടി റോഡിന്റെ വികസനം സാധ്യമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. ആ ലക്ഷ്യം നിറവേറ്റുന്നതിനാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വലിയ തുക അനുവദിച്ചിട്ടുള്ളത്. മുൻപ് കോർപ്പറേഷൻ ഏറ്റെടുത്ത ഭൂമി ഈ പദ്ധതിയുടെ ഭാഗമായി എങ്ങനെ ഉപയോഗിക്കാമെന്നത് പരിശോധിക്കാം. കെആർഎഫ്ബി ഉദ്യോഗസ്ഥർക്കും ഡിസൈൻ വിഭാഗത്തോടും ഇക്കാര്യം നിർദ്ദേശിക്കാം. എന്നാൽ പദ്ധതി തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും നമുക്ക് എല്ലാവർക്കും ചേർന്ന് വേഗത്തിൽ തന്നെ ഇത്തരം പദ്ധതികൾ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു.