തിരുവനന്തപുരം
അപേക്ഷകൻ മരിച്ച് മൂന്നുവർഷത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായമെന്ന വ്യാജ വാർത്തയ്ക്കു പിന്നിൽ അപേക്ഷകന്റെ മകനായ ബിജെപി പ്രവർത്തകനെന്ന് തെളിഞ്ഞു. പൊന്നാനി ചെറിവായ്ക്കര സ്വദേശി നാരായണൻ ദുരിതാശ്വാസ നിധി സഹായം അപേക്ഷിക്കാൻ സ്വകാര്യ ഡിജിറ്റൽ സേവന കേന്ദ്രത്തെ സമീപിച്ചിരുന്നു. സ്ഥാപനത്തിന് സംഭവിച്ച പിഴവാണ് മകൻ മണികണ്ഠൻ കുപ്രചാരണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അർബുദ ബാധയെ തുടർന്ന് നാരായണൻ 2019 ൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇക്കാലത്താണ് പുഴമ്പ്രത്തെ ‘ എറ്റോസ് കമ്യൂണിക്കേഷൻസ് ’ എന്ന ഡിജിറ്റൽ സേവന കേന്ദ്രംവഴി സഹായത്തിന് അപേക്ഷിച്ചത്. അവിടുത്തെ ജീവനക്കാരിക്ക് പറ്റിയ കൈപ്പിഴവിനെ തുടർന്ന് സാങ്കേതിക കാരണങ്ങളാൽ അപേക്ഷ സബ്മിറ്റ് ആയിരുന്നില്ല. 2022 ൽ നാരായണന്റെ ഐഡി ഉപയോഗിച്ച് ഈഴവതുരുത്തി, കാട്ടിലായിൽ തങ്കയ്ക്ക് ദുരിതാശ്വാസനിധി സഹായ അപേക്ഷ സമർപ്പിക്കവെയാണ് ജീവനക്കാരിക്ക് പിഴവ് മനസ്സിലായത്. തങ്കയുടെ പേരിൽ മറ്റൊരു അപേക്ഷ വീണ്ടും സമർപ്പിച്ചു.
തങ്ങളുടെ അപേക്ഷ സംബന്ധിച്ച് നാരായണനോ ബന്ധുക്കളോ ഡിജിറ്റൽ സർവീസ് കേന്ദ്രത്തിലോ, വില്ലേജ് ഓഫീസിലോ അന്വേഷിച്ചിരുന്നില്ല. 2019 ഡിസംബർ അഞ്ചിന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാരായണൻ മരിച്ചു. 2022 ൽ രണ്ട് അപേക്ഷയും വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ നാരായണന്റെ പേരിൽ സമർപ്പിക്കപ്പെട്ട അപേക്ഷയോടൊപ്പം തങ്കയുടെ ചികിത്സാ രേഖകൾ ആണെന്ന് കണ്ടെത്തി. തുടർന്ന് യഥാർഥ രേഖകൾ ഹാജരാക്കാൻ നാരായണന്റെ വിലാസത്തിൽ കത്തയച്ചു. ഈ കത്ത് മണികണ്ഠന് ലഭിച്ചു, തുടർന്നാണ് വില്ലേജ് അധികൃതരുടെ അലംഭാവമെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത കൊടുത്തത്.