തിരുവനന്തപുരം
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ സമരം തുടങ്ങിയതുമുതൽ സർക്കാർ വസ്തുനിഷ്ഠമായാണ് ഇടപെട്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെതിരായ വിദ്യാർഥികളുടെ ആരോപണം പഠിക്കാൻ ഉന്നതസമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, തെളിവെടുപ്പിൽ ശങ്കർ മോഹൻ സഹകരിച്ചില്ല. അടൂർ ഗോപാലകൃഷ്ണന്റെകൂടി അഭിപ്രായം കേട്ടശേഷം പുതിയ കമീഷനെ നിയമിച്ചു. ഇവർ ശങ്കർ മോഹനുമായി സംസാരിച്ച് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിക്കും മുമ്പ് ഡയറക്ടർ രാജിവച്ചു. സർക്കാർ ആരെയും നിർബന്ധിച്ച് പുറത്താക്കിയതല്ല.
ഇൻസ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും, സ്ഥാപനത്തിന്റെ നന്മയാണ് പ്രധാനം. വിദ്യാർഥികളുടെ ഭാവിയിൽ ആശങ്കപ്പെടേണ്ടതില്ല. ചലച്ചിത്രമേഖലയിൽ വൈദഗ്ധ്യം ഉള്ളവർ വേറെയും നാട്ടിലുണ്ട്. അടൂരിന്റേത് പ്രതിഷേധ രാജിയാണെങ്കിൽ അതിനുള്ള കാരണമില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ പരാതിപരിഹാര സംവിധാനമുണ്ടാകുമെന്ന ഉറപ്പ് വിദ്യാർഥികൾക്ക് നൽകിയത് ആരെയും ബുദ്ധിമുട്ടിക്കുന്നതല്ല.
ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് താമസസൗകര്യം നിഷേധിച്ചത് വിഷമമുണ്ടാക്കി. പിന്നീട് വകുപ്പിന്റെ ഇടപെടലിലൂടെയാണ് സൗകര്യമൊരുക്കിയത്. അത്തരം കാര്യങ്ങളിൽ കുറവു സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.