തിരുവനന്തപുരം
സഹകരണ ബാങ്കുകളിലെ വായ്പാ കുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബുധനാഴ്ച ആരംഭിക്കും. നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി മാർച്ച് 31 വരെ തുടരുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു.
സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ, കോവിഡ് ബാധിച്ച് വരുമാനദാതാവ് മരിച്ച കുടുംബങ്ങൾ എന്നീ വിഭാഗങ്ങളുടെ വായ്പകളിലടക്കം പ്രത്യേക ഇളവുകൾ പദ്ധതിയിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കോവിഡ് അടച്ചുപൂട്ടൽ സാഹചര്യത്തിൽ 2021 ആഗസ്ത് 16 മുതൽ ഒരുവർഷം കുടിശ്ശിക നിവാരണം നടത്തിയിരുന്നു. അന്ന് സാമ്പത്തിക പ്രതിസന്ധികൾമൂലം ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയാത്തവർക്കായാണ് പുതിയ പരിപാടി.
പദ്ധതിയിൽ വായ്പ തീർപ്പാക്കുന്നവരിൽ ആവശ്യക്കാർക്ക് നടപടിക്രമങ്ങൾ പാലിച്ച് പുതിയ വായ്പ ലഭ്യമാക്കും. ഓഡിറ്റിൽ 100 ശതമാനം കരുതൽ നിർദേശിച്ച വായ്പകൾ തീർപ്പാക്കുന്നതിന് പദ്ധതിയിൽ മുൻഗണനയുണ്ടാകും. സാധാരണ പലിശ നിരക്കിലായിരിക്കും തീർപ്പാക്കൽ. ആനുകൂല്യം സംഘം ഭരണസമിതിയായിരിക്കും തീരുമാനിക്കുക. കേരളബാങ്ക്, ഹൗസിങ് സഹകരണ സംഘങ്ങൾ, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ എന്നിവയിലെ കുടിശ്ശികക്കാർക്ക് നവകേരളീയം പദ്ധതി ബാധകമല്ല. ഈ സ്ഥാപനങ്ങൾക്ക്ആവശ്യമെങ്കിൽ പ്രത്യേക പദ്ധതി പ്രഖ്യാപിക്കാം.