കൊച്ചി > രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ ദേശാഭിമാനി വാർത്താപേജ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കൊന്നതാണ് എന്ന തലക്കെട്ടോടെ ചിത്രകാരൻ ടോം വട്ടക്കുഴിയുടെ ഡെത്ത് ഓഫ് ഗാന്ധി എന്ന ചിത്രം ഉൾപ്പെടുത്തിയ ജാക്കറ്റ് പേജാണ് ദേശാഭിമാനി തയ്യാറാക്കിയത്. കഥാകൃത്ത് എൻ എസ് മാധവൻ ഉൾപ്പെടെയുള്ള പ്രമുഖർ പേജിനെ പ്രശംസിച്ച് രംഗത്തെത്തി. മറ്റുമലയാള ദിനപത്രങ്ങൾ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ ഹിന്ദുത്വ രാഷ്ട്രീയം മറച്ചുവെച്ചപ്പോൾ ദേശാഭിമാനി വിവിധ വാർത്തകളിളൂടെയും എഡിറ്റോറിയലിലൂടെയും വായനക്കാരോട് സത്യം ഉറക്കെപ്പറഞ്ഞുകൊണ്ടേയിരുന്നു.
മന്ത്രി എം ബി രാജേഷും പത്രത്തെ പ്രശംസിച്ചു. ഗാന്ധി വധത്തിൽ ആർഎസ്എസിന്റെ പങ്കും, ഗോഡ്സെയുടെ ആർഎസ്എസ് ബന്ധവും വ്യക്തമാക്കുന്ന വാർത്തകളുള്ള സെന്റർസ്പ്രെഡ് പേജും മന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ചു. വാർത്തകളുടെ ലിങ്കും മന്ത്രി വായനക്കായി കമന്റിൽ ചേർത്തിട്ടുണ്ട്. “ഗാന്ധിയെ വധിച്ച ഹിന്ദു രാഷ്ട്ര വാദികൾ ഇന്ന് തങ്ങളുടെ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഗാന്ധി വധത്തിന്റെ ഓർമ്മകൾ വളരെ പ്രാധാന്യമുള്ളതാകുന്നു. അവരുടെ ലക്ഷ്യം ചെറുക്കാൻ ഗാന്ധി വധത്തിന്റെ നേരുകൾ ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട്. അതിന് ഉത്തരവാ ദികളെ തുറന്നു കാണിക്കേണ്ടതുണ്ട്. അവർക്ക് നേരെ വിരലുയർത്തേണ്ടതുണ്ട്. ദേശാഭിമാനി ഇന്ന് ആ ദൗത്യം ഗംഭീരമായി നിർവഹിച്ചിരിക്കുന്നു. ഗാന്ധി വധത്തിന്റെ വസ്തുതകളെല്ലാം ആർക്കും നിഷേധിക്കാനാവാത്ത തെളിവുകളോടെ യുക്തിഭദ്രമായി ദേശാഭിമാനി ഇന്ന് ആവിഷ്കരിച്ചിരിക്കുന്നു. ഇന്നത്തെ ദേശാഭിമാനി പത്രം ഇടതുപക്ഷക്കാർ മാത്രമല്ല ഓരോ മത നിരപേക്ഷ വാദിയും സൂക്ഷിച്ചു വക്കേണ്ടതാണ്. അതിവിടെ എല്ലാവർക്കുമായി പങ്കു വക്കുന്നു. ഗാന്ധിവധത്തിന്റെ ഉത്തരവാദികളായ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ പങ്ക് മികച്ച ഗവേഷണം നടത്തി അനിഷേധ്യമായ തെളിവുകളുടെ പിൻബലത്തിൽ അനാവരണം ചെയ്ത ദേശാഭിമാനി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ’ – എം ബി രാജേഷ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇന്നത്തെ ദേശാഭിമാനിക്ക് അതിമനോഹരമായ ഒരു ഒന്നാം പേജുണ്ട്. ‘കൊന്നതാണ്’ എന്നാണ് അടിക്കുറിപ്പ്. ടോം വട്ടക്കുഴിയുടെ വാട്ടർ കളർ ‘ഡെത്ത് ഓഫ് ഗാന്ധി’ ഇപ്പോൾ ന്യൂയോർക്കിലെ ഐക്കൺ കണ്ടംപററി ഗാലറിയിലാണ്. ഫെബ്രുവരി 9 മുതൽ ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ ആർട്ട് ഫെയറിൽ ഇന്ത്യയിൽ പ്രദർശിപ്പിക്കും – എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.