തിരുവനന്തപുരം > കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയറ്റ് അസോസിയേഷനിൽ വീണ്ടും ഗ്രൂപ്പ് തിരിഞ്ഞ് അടി . ഒരുവിഭാഗത്തിന്റെ സെക്രട്ടറിയായ ജ്യോതിഷ് അസോസിയേഷൻ ഓഫീസിന്റെ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കി. ഓഫീസ് വിട്ടുകൊടുക്കണമെന്നും വഴിയിൽ കാണുമ്പോൾ മറുവിഭാഗം നടത്തുന്ന കളിയാക്കലുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആത്മഹത്യ ഭീഷണി നടത്തിയത്. രണ്ടുചേരിയാകും മുന്നേ സംഘടനയുടെ പ്രസിഡന്റായിരുന്നു ജ്യോതിഷ്. കുറച്ചുനാളുകളായി ഇരുവിഭാഗവും തമ്മിൽതല്ലും കേസുമാണ്.
ജനുവരി 18ന് സെക്രട്ടറിയേറ്റ് അസോസിയേഷൻ ട്രഷറർ കെ എസ് ഹാരിസിനെ സംഘം ചേർന്ന് മർദിച്ച വിമത വിഭാഗത്തിലെ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അടി നടത്തിയ നെയ്യാറ്റിൻകര ഡി അനിൽകുമാർ , ജസീർ , റെജി എൻ , സുധീർ എ , ജയകുമാർ , ഗോവിന്ദ് , രഞ്ചിഷ്കുമാർ , അനിൽകുമാർ കെ.എം., രാമചന്ദ്രൻ നായർ. രമേശൻ , സതീഷ് കുമാർ എന്നിവർക്കെതിരെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് പത്തുപേർക്കെതിരെ കേസെടുത്തിരുന്നത്.