തിരുവനന്തപുരം > ഭാവിയിലെ തൊഴിൽ സാധ്യതകൂടി പരിഗണിച്ചാണ് സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. “പാഠ്യപദ്ധതി പരിഷ്കരണവും ജ്ഞാനസമൂഹവും’ എന്ന വിഷയത്തിൽ ബാലസംഘം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ പുസ്തകങ്ങൾ 2024 ഓടെ പുറത്തിറക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് ഒരു സംസ്ഥാനം പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്. കുട്ടികളുടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കുവാനാണ് സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം നവംബർ 17 ന് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും ചർച്ച സംഘടിപ്പിച്ചു. പാഠ്യപദ്ധതി രൂപീകരിക്കുന്നതിന് ആധാരമായ നിലപാട് രേഖകൾ തയ്യാറാക്കുന്നതിൽ ജനങ്ങളുടെ അഭിപ്രായം സർക്കാർ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.
ബാലസംഘം സംസ്ഥാന പ്രസിഡന്റ് ബി അനൂജ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എൻ ആദിൽ, ടി പി കലാധരൻ, ടി കെ നാരായണദാസ്, ഡോ. ബീന, എം പ്രകാശൻ, മീരദർശക്, സി വിജയകുമാർ, അമാസ് എസ് ശേഖർ, ജയപാൽ, പി കൃഷ്ണൻ, ആർഷ എ മാർട്ടിൻ, അശ്വതി ചന്ദ്രൻ, സന്ദീപ് ഡി എസ് എന്നിവർ പങ്കെടുത്തു.