തിരുവനന്തപുരം > സംസ്ഥാന ധനസ്ഥിതി തകർന്നതായി സ്ഥാപിക്കാൻ യുഡിഎഫ് ഇറക്കിയ ധവളപത്രം ജനങ്ങൾ തള്ളി. റവന്യു കമ്മി 1.93ൽനിന്ന് 2.57 ശതമാനവും ധനകമ്മി 3.5ൽനിന്ന് 4.17 ശതമാനവും കടം ജിഎസ്ഡിപിയുടെ 39.1 ശതമാനവുമായെന്നുമാണ് ആക്ഷേപം. ഇതിനായി 2006 മുതലുള്ള കണക്കുകൾമാത്രം പറയുന്നു. യുഡിഎഫ് കാലത്ത് 2002- മുതൽ 2005വരെ റവന്യു കമ്മി 4.3 ശതമാനവും ധനകമ്മി 5.6 ശതമാനവും കടം 43.6 ശതമാനമായിരുന്നു. റവന്യുവിന്റെ 27.5 ശതമാനം പലിശച്ചെലവും. കടമെടുത്തതിന്റെ 77.1 ശതമാനവും റവന്യു ചെലവുമായിരുന്നു. യുഡിഎഫിന്റെ അവസാനവർഷം കടം 39 ശതമാനം. 2021-ൽ കോവിഡ് സാഹചര്യത്തിൽ കടം 37 ശതമാനമായിരുന്നു.
കിഫ്ബിയുടെ നാശമെന്ന യുഡിഎഫിന്റെ ചിരകാല സ്വപ്നം ധവളപത്രത്തിലുമുണ്ട്. നിക്ഷേപങ്ങളും അനുവദിക്കപ്പെട്ട വായ്പയുമടക്കം 11,000 കോടി രൂപ കിഫ്ബി കൈവശമുണ്ട്. സർക്കാർ വിഹിതം വേറെയും. അറുപത് ലക്ഷത്തിലധികംപേർക്കുള്ള പ്രതിമാസ ക്ഷേമ പെൻഷൻ മുടങ്ങണമെന്ന ആഗ്രഹവുമുണ്ട്. പെൻഷൻ വിതരണം പ്രതിസന്ധിയിലാക്കുന്ന കേന്ദ്രത്തെക്കുറിച്ച് മിണ്ടാട്ടവുമില്ല.
കർഷകർക്ക് കൈത്താങ്ങ്
തേങ്ങയ്ക്കും കൊപ്രയ്ക്കും താങ്ങുവിലയുണ്ട്. റബർ ഉൽപ്പാദന സബ്സിഡിയായി 4.46 ലക്ഷം കർഷകർക്ക് 1789 കോടി രൂപ നൽകി. നെല്ല് കിലോയ്ക്ക് 28.20 രൂപ നിരക്കിൽ സംഭരിക്കുന്നു.
സംരംഭക നാട്
സംരംഭക വർഷം പദ്ധതിയിൽ 1,23,968 സംരംഭത്തിലൂടെ 7600 കോടി രൂപയുടെ നിക്ഷേപവും 2.70 ലക്ഷം തൊഴിലും ഉറപ്പാക്കി. എച്ച്എൻഎൽ ഏറ്റെടുത്ത് നവീകരിച്ച് കെപിപിഎല്ലാക്കി. ഹൈടെക് വ്യവസായ ഇടനാഴിക്ക് 80 ശതമാനം ഭൂമി ഏറ്റെടുത്തു.1500 കോടിയിൽ കേരള റബർ കമ്പനി നിർമാണം തുടങ്ങി.
ജനപക്ഷ ബദൽ
42 ലക്ഷം കുടുംബത്തിന് കാരുണ്യ ആരോഗ്യസുരക്ഷയും (കാസ്പ്) ഉറപ്പാക്കി. ഈവർഷം 1000 കോടിയും കഴിഞ്ഞവർഷം 1400 കോടിയും നൽകി. നവംബർവരെ 37,840 പേർക്ക് പിഎസ്സി നിയമന ശുപാർശയായി. ലൈഫ് മിഷനിൽ 3,13,455 വീട് നിർമിച്ചു. ദേശീയപാതാ വികസനം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടമാണ്. യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആകെ നൽകിയത് 16,817 കോടി രൂപ. എൽഡിഎഫ് ആറുവർഷം നീക്കിവച്ചത് 78,923 കോടി രൂപ. ഈവർഷംമാത്രം അനുവദിച്ചത് 11,456 കോടി.