മനാമ> 85 വർഷത്തെ പ്രവർത്തനത്തിന് ശേഷം ബിബിസിയുടെ അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി. ചെലവ് ചുരുക്കലിന്റെ ഭാഗാമായാണ് നടപടി. സൗദി പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ട് നാലിനായിരുന്നു അറബിക് റേഡിയോ പ്രക്ഷേപണം ബിബിസി ഔദ്യോഗികമായി അവസാനിപ്പിച്ചത്. അവതാരകൻ മഹമൂദ് അൽമോസല്ലാമിയായിരുന്നു സർവീസ് അവസാനിപ്പിക്കുന്ന വാർത്ത അറിയിച്ചത്. അവസാന പ്രക്ഷേപണത്തിന് ലക്ഷകണക്കിന് പേർ സാക്ഷികളായി.
ഇതോടെ ബിബിസി വേൾഡ് സർവീസിൽ കുറഞ്ഞത് 382 പേർക്ക് ജോലി നഷ്ടപ്പെടും. വേൾഡ് സർവീസ് ചാനലുകളിലേക്കുള്ള ചെലവ് കുറക്കാനും ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി അറബി, പേർഷ്യൻ റേഡിയോകൾ അടച്ചുപൂട്ടുമെന്ന് കഴിഞ്ഞ സ്പെ്തംബറിൽ ബിബിസി പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം 50 കോടി പൗണ്ട് ലാഭിക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായി അറബി, പേർഷ്യൻ റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടി 2.85 കോടി പൗണ്ട് ലാഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചിരുന്നു. ചൈനീസ്, ഹിന്ദി എന്നിവയുൾപ്പെടെ 10 ഭാഷകളിൽ റേഡിയോ പരിപാടികൾ നിർമ്മിക്കുന്നതും ബിബിസി നിർത്തും.
ബിബിസി എംപയർ സർവീസിന്റെ ആദ്യത്തെ വിദേശ ഭാഷാ റേഡിയോ പ്രക്ഷേപണമായി 1938 ജനുവരി മൂന്നിനാണ് ബിബിസി അറബിക് റേഡിയോ ആരംഭിച്ചത്. ലണ്ടനിൽ നിന്നും കെയ്റോയിൽ നിന്നുമായിരുന്നു പ്രക്ഷേപണം. ഈജിപ്തുകാരനായ പത്രപ്രവർത്തകൻ അഹമ്മദ് കമാൽ സരൂറായിരുന്നു ആദ്യ അവതാരകൻ. ഹുന ലണ്ടൻ (ഇത് ലണ്ടൻ) എന്ന പേരിൽ അറിയപ്പെട്ട റേഡിയോ ഏറെ പ്രശസ്തമായിരുന്നു.
പ്രക്ഷേപണം നിർത്തിയതിന് പിന്നാലെ, നിരവധി മാധ്യമപ്രവർത്തകരും വ്യവസായ പ്രൊഫഷണലുകളും പൊതു പ്രവർത്തകരും അടച്ചുപൂട്ടലിലെ തങ്ങളുടെ ദുഖം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. പലരും റേഡിയോ നിർത്തിയതിനെ ‘ഒരു യുഗത്തിന്റെ അന്ത്യം’ എന്ന് വിശേഷിപ്പിച്ചു. ജർമ്മനിയും ഇറ്റലിയും ഗൾഫിലെയും പശ്ചിമ ഏഷ്യയിലെയും ബ്രിട്ടന്റെ സാന്നിധ്യത്തെയും താൽപ്പര്യങ്ങളെയും കുറിച്ച് അറബിയിൽ നടത്തിയ പ്രചാരണത്തിന് മറുപടിയായാണ് ബിബിസി അറബി ഭാഷയിൽ പ്രക്ഷേപണം ആരംഭിച്ചത്.