തൃശൂർ> കലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള തൃശൂർ കേന്ദ്രമായ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫെെനാർട്സിൽ ഫെബ്രു. ഒന്നു മുതൽ അഞ്ച് വരെ നാടകാധ്യാപക ശാസ്ത്രത്തെ അധികരിച്ച് പ്രഥമ അന്താരാഷ്ട്ര ഫെസ്റ്റിവൽ ഓഫ് തിയറ്റർ സ്കൂൾസ് സംഘടിപ്പിക്കുമെന്ന് സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫെെനാർട്സ് ഡയറക്ടർ ഡോ. അഭിലാഷ് പിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്താരാഷ്ട്ര നാടകോത്സവത്തിന് മുന്നോടിയായാണ് സ്കൂൾ ഓഫ് ഡ്രാമ, കേരള സംഗീത നാടക അക്കാദമി, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല, കേരള കലാമണ്ഡലം എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ തിയറ്റർ സ്കൂൾസ് സംഘടിപ്പിക്കുന്നത്.
സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫെെനാർട്സിൽ ബുധനാഴ്ച പകൽ 11.30ന് നടൻ നസീറുദ്ദീൻ ഷാ ഉദ്ഘാടനം ചെയ്യും. രാജ്യത്തേയും വിദേശത്തേയും സർവകലാശാലകളിലെ അധ്യാപകരും വിദ്യാർഥികളും കേരളത്തിലെ വിവിധ നാടക സംഘങ്ങളിൽ നിന്ന് 10 നാടക പ്രവർത്തകരുമടക്കം 200പേർ പങ്കെടുക്കും. ഡോ. ജോൺ മത്തായി സെന്റർ ക്യാമ്പസിലെ 10 വ്യത്യസ്ത കേന്ദ്രങ്ങളിലായി ശിൽപ്പശാലകൾ, പാനൽ ചർച്ചകൾ, ഓപ്പൺ ഫോറം, പെഡഗോഗി, ഡെമോൺസ്ട്രേഷൻ എന്നിവയ്ക്ക് പുറമെ പങ്കെടുക്കുന്ന ഡ്രാമാ സ്കൂളുകളുടെ നാടകാവതരണങ്ങളും വിവിധ കലാപരിപാടികളും അഞ്ച് ദിവസവും വെെകിട്ട് ഉണ്ടാവും.
വാർത്താ സമ്മേളനത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കാലടി ശങ്കരാചാര്യ സർവകലാശാല തിയറ്റർ വകുപ്പ് മേധാവി കെ കെ കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.