ധർമടം
ശാസ്ത്രീയ ഗവേഷണങ്ങളുടെ പിൻബലമില്ലാത്ത കെട്ടുകഥകൾ രാജ്യത്ത് ചരിത്രമായി രേഖപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വസ്തുതകൾ തമസ്കരിക്കുകയോ വക്രീകരിക്കുകയോ ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം തകർക്കുകയാണ്. തലശേരി ബ്രണ്ണൻ കോളേജിൽ നടക്കുന്ന ഏഴാമത് കേരള ചരിത്ര കോൺഗ്രസിനുള്ള ആശംസാ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീരദേശാഭിമാനികളുടെ പേരുകൾപോലും ഔദ്യോഗിക രേഖകളിൽനിന്ന് നീക്കുകയാണ്. യുക്തിക്കും സ്വതന്ത്ര അഭിപ്രായ പ്രകടനത്തിനുമുള്ള ഇടം കുറഞ്ഞുവരുന്നു. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കുന്നതിനാണ് ഇന്ത്യ മതനിരപേക്ഷ, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തത്. ചരിത്രഗവേഷകരുടെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഘടനയായ കേരള ചരിത്ര കോൺഗ്രസിന് ചരിത്രപരമായ ദൗത്യം നിർവഹിക്കാനുള്ള ഘട്ടമാണിത്. ജനജീവിതത്തിന്റെ നാനാമേഖലകളെയും സ്പർശിക്കുന്ന പഠനവും ഗവേഷണവും സംവാദവും നടത്താൻ ചരിത്ര കോൺഗ്രസ് നേതൃത്വംവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ ജോസഫാണ് ആശംസാ സന്ദേശം വായിച്ചത്.