ഹൈദരാബാദ്> തെലുങ്ക് യുവനടൻ സുധീർ വർമയെ (33) മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തെലുങ്ക് സിനിമകളായ ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘സെക്കൻഡ് ഹാൻഡ്’, ‘കുന്ദനപ്പു ബൊമ്മ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് സുധീർ വർമ.
‘കുന്ദനപ്പു ബൊമ്മ’യിൽ ഒപ്പം അഭിനയിച്ച സുധാകർ കൊമകുലയാണ് നടന്റെ മരണ വാർത്ത സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ജനുവരി 18ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ സുധീറിനെ കണ്ടെത്തിയെന്നാണ് വിവരം. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ജനുവരി 20 ന് വിശാഖപട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ മാറ്റി. ഞായറാഴ്ചയോടെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.