പാലക്കാട്> ധോണി കുങ്കിയാകുമ്പോൾ പറമ്പിക്കുളത്തിനും ആനമലയ്ക്കും ഇടയിലുള്ള കോഴികമിത്തി സ്വദേശികളായ മണികണ്ഠനും മാധവനും പാപ്പാന്മാരാകും. പാപ്പാന്മാരല്ലാത്ത ഇവർ തമിഴ്നാട് ടോപ് സ്ലിപ്പിലെ ആനപരിശീലന കേന്ദ്രത്തിലെ സഹായികളായിരുന്നു. ആനകളെകുറിച്ച് നന്നായി അറിയാം. ആദ്യ ദൗത്യമാണ് ഇരുവർക്കും. അടിച്ചോ മുറിവേൽപ്പിച്ചോ ആനയെ മെരുക്കൽ ഇപ്പോഴില്ലെന്നതിനാൽ സ്നേഹത്തിന്റെ ഭാഷയിൽ അനുനയിപ്പിക്കുന്നതാണ് പുതിയരീതി.
വെള്ളം നൽകിയും ഭക്ഷണം നൽകിയും സ്പർശനത്തിലൂടെയുമാണ് ആനയുമായി അടുക്കുക. ആനയെ പരിചരിച്ചും കാട്ടാനകളുടെ സ്വഭാവം കൃത്യമായും അറിയുന്ന വനപ്രദേശത്ത് താമസിക്കുന്നവരാണ് ഇവർ. അതിനാൽ ധോണിയുമായി അടുക്കാൻ പ്രയാസമുണ്ടാകില്ലെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി രഞ്ജിത് പറഞ്ഞു. നിലവിൽ ധോണി മദപ്പാടിലായതിനാൽ ചട്ടം പഠിപ്പിക്കുന്നത് വൈകും. ഇടവേളകളിൽ വെറ്ററിനറി സർജന്മാരുടെ പരിശോധന ഉണ്ടാകും. രണ്ടുമാസത്തെ മെരുക്കലിന് ശേഷം ആറുമാസമാണ് കുങ്കി പരിശീലന കാലയളവ്. ധോണിയുടെ സഹകരണമനുസരിച്ച് പരിശീലനകാലയളവിൽ വ്യത്യാസം വരും. അടിസ്ഥാന കാര്യങ്ങളായ ചങ്ങല പിടിക്കുക, ചങ്ങല ചവിട്ടുക, കാട്ടാനകളെ തുരത്താനുള്ള പരിശീലനം, കാട്ടാനകളെ പിടിച്ചുനിർത്തുക തുടങ്ങിയവയാണ് പരിശീലിപ്പിക്കുക.
ശാന്തനായി ഉറക്കം, എണീറ്റാൽ ശൗര്യം
ഞായറാഴ്ച ആനക്കൂട്ടിലെത്തിയ കൊമ്പൻ ധോണി മയക്കംവിട്ടപ്പോൾ കൂടുപൊളിക്കാൻ ശ്രമിച്ചിരുന്നു. കാണാനെത്തിയവർ മടങ്ങിയപ്പോൾ വൈകിട്ട് ആറോടെ നിലത്തിരുന്ന് ഉറങ്ങി. രാത്രി എണീറ്റ് പതിവുപോലെ കൂടുപൊളിക്കാൻ ശ്രമം. ജീവനക്കാർ ഇടയ്ക്ക് വെള്ളം കുടിക്കാൻ നൽകി. ഒരു ചരുവം കൂടിനോട് ചേർന്ന് സ്ഥാപിച്ചു. ദേഷ്യത്താൽ ചരുവം എടുത്തെറിഞ്ഞു. രാത്രി ശാന്തനായിരുന്നു. തിങ്കൾ രാവിലെ കൂടുപൊളിക്കാനുള്ള ശ്രമവും നിലവിളിയും. പിന്നീട് ശാന്തനായി.
ഭക്ഷണം വെട്ടുപുല്ലും ചപ്പും
കാട്ടിൽനിന്ന് പിടികൂടിയതിനാൽ ആനയുടെ പതിവ് ഭക്ഷണക്രമം തന്നെയായിരിക്കും ആദ്യ ആഴ്ചകളിൽ. വെട്ടുപുല്ലും വനത്തിൽനിന്ന് ശേഖരിക്കുന്ന സസ്യങ്ങൾ, അത്തി, പേരാൽ എന്നിവയുടെ ചപ്പുകളും തീറ്റയായി നൽകും. ഇടയ്ക്ക് വെള്ളം ചരുവത്തിൽ നൽകും. ശരീരം ഇടയ്ക്കിടെ തണുപ്പിക്കും. അരി, ഗോതമ്പ്, റാഗി, ചെറുപയർ, ഉഴുന്ന്, ശർക്കര എന്നിവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം ഒരാഴ്ചയ്ക്ക് ശേഷം പതിവ് ഭക്ഷണത്തിനൊപ്പം നാലിലൊന്നായി നൽകി ശീലിപ്പിക്കും. പിന്നീട് ഈ കൂട്ടിലുള്ള ഭക്ഷണം പൂർണതോതിൽ നൽകാനാണ് നിലവിൽ തീരുമാനം. ആന ആരോഗ്യവാനാണ്. ചെറിയ മുറിവുകൾ, മദപ്പാട് എന്നിവയുള്ളതിനാൽ ചികിത്സ ആരംഭിച്ചിട്ടുണ്ടെന്ന് ഡോ.അരുൺ സഖറിയ പറഞ്ഞു.