കൊച്ചി
ശബരി റെയിൽ പദ്ധതിക്ക് കേന്ദ്രബജറ്റിൽ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി മൂവാറ്റുപുഴയിൽ നടത്തുന്ന സത്യഗ്രഹസമരം പരാജിതന്റെ ജാള്യം മറയ്ക്കാനാണെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ്. നാലുവർഷം പദ്ധതിക്കായി ഇടപെടാത്ത എംപി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സമര പ്രഹസനം നടത്തുന്നത്. 2019നുശേഷം ശബരി റെയിൽ യാഥാർഥ്യമാക്കാൻ എംപി ഇടപെട്ടിട്ടില്ല. പദ്ധതി മരവിപ്പിച്ച് കേന്ദ്രം ഉത്തരവിറക്കിയപ്പോൾ യുഡിഎഫ് എംപിമാർ പാർലമെന്റിലും പുറത്തും പ്രതിഷേധിച്ചില്ല. പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി മനസ്സിലാക്കാനും കേന്ദ്ര–-സംസ്ഥാന സർക്കാരുകളെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കാനുമായില്ല. ചെലവിന്റെ പകുതി സംസ്ഥാന സർക്കാരെടുക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരുമായി കരാർവച്ചാണ്.
കേന്ദ്ര റെയില്‍വേ ബോര്‍ഡും സര്‍ക്കാരും നിര്‍ദേശിച്ചതനുസരിച്ച് റിവൈസ്ഡ് എസ്റ്റിമേറ്റും വന്ദേഭാരത് ട്രെയിന്‍ ഓടിക്കാൻ ഇലക്ട്രിക്കല്‍ എസ്റ്റിമേറ്റും ഉൾപ്പെടെ ചെലവിന്റെ പകുതിയെടുക്കാൻ സന്നദ്ധത അറിയിച്ച കത്ത്, കിഫ്ബിയില്‍ 2000 കോടി വകയിരുത്തിയ വിവരം ഉള്‍പ്പെടെ റെയില്‍വേയെ അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്ര റെയിൽവേ ബോർഡ് അംഗീകരിച്ചാൽ പദ്ധതി പുനരുജ്ജീവിപ്പിക്കാം. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും കേന്ദ്ര റെയിൽവേ മന്ത്രിയുമായും പലതവണ കൂടിക്കാഴ്ച നടത്തി തുടർനടപടിയെടുത്തു.
എന്നാൽ, പദ്ധതി ഉൾപ്പെടുന്ന മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഡീൻ കുര്യാക്കോസും യുഡിഎഫ് എംപിമാരും നിസ്സംഗത പുലർത്തുന്നു. ശബരി റെയിൽ യഥാർഥ്യമാക്കാൻ മുൻ എംപി ജോയ്സ് ജോർജ് നിരന്തരമായി ഇടപെട്ടിരുന്നു. 2015 മുതൽ ബജറ്റുകളിൽ വൻതുക വകയിരുത്തി ഭൂമി ഏറ്റെടുക്കാൻ 2017-–18 സാമ്പത്തികവർഷം 50 കോടി രൂപ കൈമാറി.
യുഡിഎഫ് നേതാക്കൾ ഉയർത്തിയ തർക്കംമൂലം റെയിൽപ്പാതയുടെ കോട്ടയം ജില്ലാ അലൈൻമെന്റ് സമർപ്പിച്ചില്ല. സംസ്ഥാനത്തിന്റെയും കെആർഡിസിയുടെയും ഇടപെടലിലൂടെ ശബരി റെയിൽ പുനരുജ്ജീവിപ്പിച്ചാൽ പിതൃത്വം ഏറ്റെടുക്കാനാണ് എംപിയുടെ സമരനാടകം. സമരത്തെ ജനം തള്ളുമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.