കൊച്ചി > മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർഫ്രണ്ടിന്റെയും സംഘടനാ ഭാരവാഹികളുടെയും സ്വത്ത് കണ്ടുകെട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 248 പേരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. ഹർത്താൽദിനത്തിലെ ആക്രമണത്തിൽ 5.20 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്.
മിന്നൽ ഹർത്താലിനെതിരെ ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ച് സ്വമേധയാ എടുത്ത കേസിൽ, കോടതിനിർദേശമനുസരിച്ച് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് നൽകിയത്. ഹർജി 24ന് കോടതി പരിഗണിക്കും. മലപ്പുറം ജില്ലയിൽ 126 പേരുടെ സ്വത്ത് കണ്ടുകെട്ടി. ഏറ്റവും കുറവ് ജപ്തിനടപടി കൊല്ലം ജില്ലയിലാണ്. ഒരാളുടെ സ്വത്താണ് ജപ്തി ചെയ്തത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താറിന്റേതാണിത്. പാലക്കാട്–-23, കോഴിക്കോട്–-22, തൃശൂർ–-18, വയനാട്–-11, കണ്ണൂർ–-8, പത്തനംതിട്ട, കാസർകോട്, ഇടുക്കി, എറണാകുളം–- ആറുവീതം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം– അഞ്ചുവീതം- എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ നടപടികൾ.
സ്വത്ത് കണ്ടുകെട്ടിയവരിൽ ചിലർക്ക് പിഎഫ്ഐയുമായി ബന്ധമില്ലെന്നും ഭാരവാഹിത്വമില്ലെന്നുമുള്ള പരാതികളിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കുമെന്നും നിയമാനുസൃതനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നഷ്ടപരിഹാരം ഈടാക്കാൻ മുൻകൂർ നോട്ടീസ് നൽകാതെതന്നെ ജപ്തിനടപടികളാകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് സംസ്ഥാനമൊട്ടാകെ ജപ്തിനടപടി ആരംഭിച്ചത്. 2022 സെപ്തംബർ 23ന് പോപ്പുലർ ഫ്രണ്ടിന്റെ ആഹ്വാനപ്രകാരം നടത്തിയ ഹർത്താലിനിടെയാണ് വ്യാപക ആക്രമണം നടന്നത്.