തിരുവനന്തപുരം
സാങ്കേതിക സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനങ്ങൾ ഉത്തരവായി ഇറക്കാത്ത വൈസ് ചാൻലസർ പരമാധികാര സഭയായ ബോർഡ് ഓഫ് ഗവർണേഴ്സ് (ബിഒജി) തീരുമാനവും വൈകിപ്പിക്കുന്നു. സാമ്പത്തിക വർഷം അവസാനിക്കുന്നതിനുമുമ്പ് ചെലവിടേണ്ട പ്ലാൻ ഫണ്ടിന്റെ വിനിയോഗവും പുതിയ ബജറ്റിന്റെ അവതരണവും വിസി ചുമതലയുള്ള ഡോ. സിസ തോമസിന്റെ ദുർവാശിയിൽ പ്രതിസന്ധിയിലായി. ബജറ്റ് തുകകളുടെ വിനിയോഗവും പുതുക്കിയ എസ്റ്റിമേറ്റും ബിഒജി അംഗീകരിച്ചത് വിസി ഉത്തരവായി ഇറക്കാതെ പണം ചെലവഴിക്കാൻ സാധ്യമല്ല. മുൻവർഷ ഓഡിറ്റ് റിപ്പോർട്ടിന്റെ അംഗീകാരവും സാധ്യമായിട്ടില്ല. സംസ്ഥാന ബജറ്റിന്റെ തുടർച്ചയിൽ അവതരിപ്പിക്കേണ്ട സർവകലാശാലാ ബജറ്റ് തയ്യാറാക്കലും താറുമാറായി.
അഞ്ച് യുജി കോഴ്സുകളിലെ നിരവധി വിദ്യാർഥികളുടെ പിഎച്ച്ഡി തീസിസുകളും ബിഒജി അംഗീകരിച്ചെങ്കിലും ഉത്തരവിറക്കാതെ സർട്ടിഫിക്കറ്റ് നൽകാനാകില്ല. യുജി വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷാഫലത്തിന് ഔദ്യോഗികാംഗീകാരം കിട്ടാതെ വന്നാൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടമാകും. ജീവനക്കാരുടെ തസ്തിക മാറ്റത്തിലടക്കം വിസിയുടെ ഉത്തരവ് അടിയന്തര പ്രമേയത്തിലൂടെ ബിഒജി റദ്ദു ചെയ്തതിനെതിരെ ചാൻസലറെ സമീപിക്കാനുള്ള നീക്കത്തിലാണ് താൽക്കാലിക വിസി. സർവകലാശാലാ ഭരണ സമിതികളിൽ അധ്യക്ഷയായ വിസിയുടെ അനുമതിയോടെ എടുത്ത തീരുമാനം ആക്ടിന് വിരുദ്ധമെന്ന് പറയാൻ വിസിക്കാവില്ല. ബിഒജിയിൽ വിസിയുടെ എതിരഭിപ്രായം രേഖപ്പെടുത്തി മറ്റ് മുഴുവൻ അംഗങ്ങളും പിന്തുണച്ചാണ് അടിയന്തര പ്രമേയം പാസായത്.