മെൽബൺ
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ പുതുതലമുറയിലെ മിന്നുംതാരങ്ങൾ പുറത്ത്. ഒന്നാംറാങ്കുകാരി പോളിഷ്താരം ഇഗ ഷ്വാടെക് പ്രീക്വാർട്ടറിൽ തോറ്റു. വിംബിൾഡൺ ചാമ്പ്യൻ കസാഖ്സ്ഥാന്റെ എലെന റിബാകിനയാണ് 6–-4, 6–-4ന് തോൽപ്പിച്ചത്. ഇതോടെ പുരുഷ–-വനിത ഒന്നാംസീഡുകാർ ടൂർണമെന്റിൽനിന്ന് പുറത്തായി. 1968നുശേഷം ആദ്യമാണിത്. ലാത്വിയയുടെ ജെലെന ഒസ്തപെങ്കൊ 7–-5, 6–-3ന് അമേരിക്കൻ താരം കൊകൊ ഗഫിനെ കീഴടക്കി. ക്വാർട്ടറിൽ റിബാകിനയും ഒസ്തപെങ്കോയും ഏറ്റുമുട്ടും.
അമേരിക്കൻ താരം ജെസിക പെഗുലയും ക്വാർട്ടറിൽ കടന്നു. മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ബാർബറ ക്രെജിസികോവയെ 7–-5, 6–-2ന് തോൽപ്പിച്ചു.
പുരുഷവിഭാഗം ക്വാർട്ടറിൽ നാളെ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് ചെക്ക് താരം ജിറി ലെഹെകയെ നേരിടും. റഷ്യയുടെ കരൺ കചനോവും അമേരിക്കയുടെ സെബാസ്റ്റ്യൻ കോർഡയും തമ്മിലാണ് മറ്റൊരു ക്വാർട്ടർ. പ്രീക്വാർട്ടറിൽ ഇന്ന് നൊവാക് ജൊകോവിച്ച് ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനെ നേരിടും.
അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റ് കളിക്കുന്ന ഇന്ത്യയുടെ സാനിയ മിർസ വനിതാ ഡബിൾസിൽ പുറത്തായി. കൂട്ടുകാരി കസാഖ്സ്ഥാന്റെ അന്ന ഡാനിലിനയോടൊത്ത് രണ്ടാംറൗണ്ടിൽ മുന്നേറാനായില്ല. ഉക്രയ്ൻ–-ബൽജിയം സഖ്യമായ ആൻഹെലിന–-അലിസൺ 4–-6, 6–-4, 2–-6ന് തോൽപ്പിച്ചു. സാനിയ മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം ഇന്ന് രണ്ടാംറൗണ്ടിലിറങ്ങും.