കൊച്ചി> ചെറുകിട വ്യാപാര മേഖലയിലെ തൊഴിൽ സംരക്ഷിക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന നിയമം തയാറാകണമെന്നും സംസ്ഥാനത്തെ വാടക നിയന്ത്രണ നിയമം കാലോചിതമായി പരിഷ്കരിച്ച് നടപ്പാക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി. വാടകക്കാരായ വ്യാപാരികൾ അമിത വാടകയും ഇറക്കി വിടൽ ഭീഷണിയും കാരണം ദുരിതത്തിലാണെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്കോയ, സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു എന്നിവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സമിതി നേതാക്കൾ ആവശ്യപ്പെടുന്നു. വികസനത്തിന് വ്യാപാരികൾ എതിരല്ല. എന്നാൽ മതിയായ നഷ്ടപരിഹാരം ലഭിക്കണം. വിവിധ സംസ്ഥാന പാതകൾക്ക് വേണ്ടി ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും ദേശീയപാതയ്ക്കായി ഒഴിപ്പിക്കപ്പടുന്നവർക്ക് ലഭിക്കുന്നില്ല. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് കൃത്യമായ വ്യവസ്ഥയുണ്ടാക്കണം. ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് സമിതി ആവശ്യപ്പെട്ടു.
വ്യാപാരി ക്ഷേമനിധി ബോർഡിൽ നിന്നും നൽകി വരുന്ന 1600 രൂപ മിനിമം പെൻഷൻ പുനഃസ്ഥാപിക്കണമെന്നും സമിതി നേതാക്കൾ ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ പെൻഷനുകളെല്ലാം 1600 ആയിരിക്കെ വ്യാപാരികളോട് വിവേചനം കാട്ടുന്നത് ശരിയല്ല. വ്യാപാരികളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം സർക്കാരിന് നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടണമെന്നും പരിശോധനകൾ സമയബന്ധിതമായും കാര്യക്ഷമമായും നടത്തണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാക്കൾ ആവശ്യപ്പെട്ടു. ഒരു ജില്ലയിൽ ഒരു ഭക്ഷ്യ സുരക്ഷാ ലാബ് എങ്കിലും ഉണ്ടാകണം. പരിശോധന ലാബുകളുടെ എണ്ണം വർധിപ്പിക്കണം. നല്ല ഭക്ഷണം മാത്രം കൊടുക്കണം എന്നതിൽ തർക്കമില്ല. പക്ഷെ അതിന്റെ പേരിൽ അരക്ഷിതാവസ്ഥ ഉണ്ടാകരുത്. പരിശോധനകളെ എതിർക്കേണ്ടതില്ലെന്നും എന്നാൽ വ്യാപാരികളുടെ താത്പര്യങ്ങൾ കൂടി സംരക്ഷിക്കപ്പെടണമെന്നും സമിതി നേതാക്കൾ പറഞ്ഞു.
സംസ്ഥാന ട്രഷറർ എസ് ദിനേശ്, വൈസ് പ്രസിഡൻറ് സി കെ ജലീൽ, നിർവാഹക സമിതിയംഗം ടി എം അബ്ദുൾ വാഹിദ്, ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.