ഇടുക്കി
പശ്ചിമഘട്ട നീർച്ചാൽ മാപ്പിങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. നവേകരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന “സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ പദ്ധതിയുടെ ഭാഗമായാണ് മാപ്പിങ് പ്രവർത്തന ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും ഇടുക്കിയിൽ നടന്നത്.നീർച്ചാലുകൾക്ക് തടസം നേരിടുന്നത് പ്രകൃതിദുരന്തത്തിന് കാരണമാകുന്നെന്നും ഇത് ക്രമപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
എം എം മണി എംഎൽഎ അധ്യക്ഷനായി. വാഴൂർ സോമൻ എംഎൽഎയ്ക്ക് മന്ത്രി ബ്രോഷർ കൈമാറി പ്രകാശിപ്പിച്ചു. മാപ്പത്തോൺ വീഡിയോയും മന്ത്രി പ്രകാശിപ്പിച്ചു. നവകേരളം കർമപദ്ധതി 2 സംസ്ഥാന കോർഡിനേറ്റർ ഡോ. ടി എൻ സീമ വിഷയാവതരണം നടത്തി.
ഹരിതകേരളം മിഷന്റെയും കേരള പുനർനിർമവണ പദ്ധതിയുടെയും നേതൃത്വത്തിൽ പശ്ചിമഘട്ട പ്രദേശങ്ങൾ ഉൾപ്പെടുന്ന 230 പഞ്ചായത്ത് പ്രദേശങ്ങളിലെ നീർച്ചാൽ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നത്. റീ ബിൽഡ് കേരള അഡീഷണൽ സെക്രട്ടറി സുനിൽകുമാർ, ചീഫ് എൻജിനിയർ ആർ പ്രിയേഷ്, ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർ എബ്രഹാം കോശി, ഇടുക്കി ജില്ലാ കോർഡിനേറ്റർ ഡോ. വി ആർ രാജേഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.















