തിരുവനന്തപുരം > കേരള സർവകലാശാലയിലെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളിൽ നിർദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ സെനറ്റ് അംഗം ജയരാമൻ നൽകിയ ഹർജി (സ്പെഷ്യൽ ലീവ് പെറ്റിഷൻ) സുപ്രീം കോടതി തള്ളി.
സെനറ്റിൻ്റെ പ്രതിനിധിയെ ഒരു മാസത്തിനുള്ളിൽ തീരുമാനിക്കണം എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിച്ചിരുന്നു. അത് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കി കിട്ടാനാണ് സെനറ്റ് അംഗം ജയരാമൻ സുപ്രീം കോടതിയെ സമീപ്പിച്ചത്.
സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ ഹർജി നിലവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ആണ്. വരുന്ന ജനുവരി 23 ന് ഡിവിഷൻ ബെഞ്ച് ഹർജിയിൽ വാദം കേൾക്കുമെന്ന് അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ എസ്എൽപി അനുവദിക്കേണ്ടന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു
സെനറ്റിന്റെ പ്രതിനിധിയെ നാമനിർദേശം ചെയ്താൽ ചാൻസലർകൂടിയായ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും , സെനറ്റ് പ്രതിനിധിയെ നൽകുന്നില്ലെങ്കിൽ യുജിസി ചട്ടവും കേരള സർവകലാശാല നിയമവും അനുസരിച്ചു ചാൻസലർക്കു നടപടിയെടുക്കാമെന്നും ദേവൻ രാമചന്ദ്രൻ വിധിച്ചിരുന്നു ആ വിധിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റെയ് ചെയ്തത്. ഫലത്തിൽ ആ നടപടിയിൽ സാങ്കേതിക കുഴപ്പങ്ങൾ ഇല്ലാത്തതിനാലാണ് ഇടപ്പെടാൻ സുപ്രീം കോടതി വിസമ്മതിച്ചതും. ഇതോടെ ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും പ്രഹരം ഏറ്റുവാങ്ങിയിരിക്കുകയാണ് ചാൻസലർ കൂടിയായ ഗവർണർ.