തിരുവനന്തപുരം
സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിങ്, ആർകിടെക്ചർ കോളേജുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1178 വിദ്യാർഥികളുടെ സ്പെഷ്യൽ ഫീസ് ഒഴിവാക്കി. 2021–- 22 ബാച്ചിലെ ആനുകൂല്യത്തിന് അർഹരായവരുടെ ലിസ്റ്റ് പ്രവേശന കമീഷണർ പ്രസിദ്ധീകരിച്ചു.
പ്രവേശനഘട്ടത്തിനുമുമ്പുതന്നെ കോളേജുകളുമായി സർക്കാർ ഇതിനായി കരാറിൽ ഏർപ്പെട്ടിരുന്നു. ഓരോ സ്വാശ്രയ കോളേജും സർക്കാരിന് നൽകിയ 50 ശതമാനം സീറ്റിൽ പ്രവേശനം ലഭിച്ചവരിൽ പാവപ്പെട്ട 25 ശതമാനം കുട്ടികളെയാണ് ഫീസ് ഇളവിന് പരിഗണിച്ചത്. വിദ്യാർഥികൾ സമർപ്പിച്ച രേഖകൾ എൻട്രൻസ് കമീഷണർ സൂക്ഷ്മ പരിശോധന നടത്തിയിരുന്നു. സ്പെഷ്യൽ ഫീസ് ഒഴിവാക്കിയതിനു പുറമെ സ്കോളർഷിപ്പും ലഭ്യമാകും. 5000 രൂപമുതൽ 25,000 രൂപവരെയുള്ള ഫീസ് ഇളവാണ് ലഭിക്കുക.
അർഹരുടെ പട്ടിക www.cee.kerala.gov.in വെബ്സൈറ്റിലുണ്ട്. പട്ടികയിലുള്ളവർ കോളേജ് പ്രിൻസിപ്പലിനെ ബന്ധപ്പെടണം.
ഹെൽപ് ലൈൻ : 04712525300