മടിക്കൈ
വീടുകളില്‍നിന്നും നീക്കിയ പ്ലാസ്റ്റിക്ക് മാലിന്യത്തിൽ സൂക്ഷിച്ച അരലക്ഷം രൂപ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് ഹരിതകര്‍മ സേനാംഗങ്ങളുടെ മാതൃകാ പ്രവര്‍ത്തനം. മടിക്കൈ പഞ്ചായത്ത് ആറാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ സി സുശീലയും പി വി ഭവാനിയുമാണ് നാടിന്റെ അഭിമാനമായത്.
വീടുകളില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഇവ വേര്തിരിക്കുന്നതിനിടയിലാണ് മാലിന്യം നിറച്ച പ്ലാസ്റ്റിക് കവറില്‍ നിന്നും അരലക്ഷം രൂപ കിട്ടിയത്. ആദ്യം ഇവര്‍ അമ്പരന്നു. പിന്നീട് മാലിന്യം ശേഖരിച്ച ഓരോ വീടും അന്വേഷിച്ച് ചെന്നപ്പോഴാണ് കുളങ്ങാട്ടെ രാജീവന്റേതാണ് പണമെന്ന് തിരിച്ചറിഞ്ഞത്. വീട് പണിയാനായി പഞ്ചായത്തില്‍ നിന്നും ലഭിച്ച പണമായിരുന്നു ഇത്. അടച്ചുറപ്പില്ലാത്ത വീട്ടിനകത്ത് പണം സൂക്ഷിക്കാന്‍ ഭയന്നാണ് രാജീവന്, സുരക്ഷിതമെന്ന് കരുതി വീടിന് പുറത്തെ പ്ലാസ്റ്റിക് മാലിന്യത്തില്‍ സൂക്ഷിച്ചത്. ആദ്യം അമ്പരന്നുപോയെന്നും പണം തിരിച്ചു നല്കിയപ്പോള് ഏറെ സന്തോഷമായെന്നും സുശീലയും ഭവാനിയും പറഞ്ഞു.
മന്ത്രി അഭിനന്ദിച്ചു
പണം തിരിച്ചേൽപ്പിച്ച സുശീലയേയും ഭവാനിയേയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. 50രൂപ പിടിച്ചുപറിക്കുന്നവരെന്ന് ഹരിതകര്‍മസേനാംഗങ്ങളെ ആക്ഷേപിക്കാൻ ശ്രമിച്ച കാലമാണിത്. അരലക്ഷം രൂപ തിരിച്ചേല്‍പ്പിച്ച് സുശീലയും ഭവാനിയും ഒറ്റ നിമിഷത്തില്‍ അവരെ തോല്‍പ്പിച്ചു. സംസ്ഥാനത്തെ 30,890 സേനാംഗങ്ങളുടെയും പ്രതിനിധികളാണിവരെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.