കോഴിക്കോട്
ഐ ലീഗ് ഫുട്ബോളിൽ മലയാളിതാരങ്ങളുടെ ഗോളടി മികവിൽ ഗോകുലം കേരള എഫ്സിക്ക് ജയം. റിയൽ കശ്മീരിനെ രണ്ട് ഗോളിന് തോൽപ്പിച്ച് മൂന്നാംസ്ഥാനത്തേക്ക് കുതിച്ചു. 1053 ദിവസങ്ങൾക്കുശേഷം വീണ്ടും ഐ ലീഗ് മത്സരത്തിന് വേദിയായ കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ഹെഡറിലൂടെയായിരുന്നു രണ്ട് ഗോളും. 35–-ാംമിനിറ്റിൽ താഹിർ സമാനും 86–-ാംമിനിറ്റിൽ ജോബി ജസ്റ്റിനുമാണ് കശ്മീരിന്റെ വല കുലുക്കിയത്.
ഇതോടെ 12 കളിയിൽ ഗോകുലത്തിന് 21 പോയിന്റായി. ആറ് ജയവും മൂന്ന് സമനിലയും മൂന്ന് തോൽവിയും. നാലാംസ്ഥാനത്തുണ്ടായിരുന്ന കശ്മീർ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശ്രീനിധി ഡെക്കാണും (25) പഞ്ചാബ് എഫ്സിയുമാണ് (23) പട്ടികയിൽ മുന്നിൽ.
തുടക്കത്തിൽ കശ്മീരാണ് ആക്രമിച്ച് കളിച്ചത്. വൈകാതെ കളിയിലേക്ക് തിരിച്ചുവന്ന ഗോകുലം സ്പാനിഷ് താരം സെർജിയോ മെൻഡിഗുച്ചേ ഇഗ്ലേഷ്യസിന്റെ -ഹെഡറിലൂടെ മുന്നിലെത്തിയെന്ന് കരുതിയതാണ്. കശ്മീർ ഗോളി സന്ജിബൻ ഘോഷ് തടസ്സമായി. ഗോളിമാത്രം നിൽക്കെ പവൻകുമാർ സുവർണാവസരം പാഴാക്കി. മലയാളിതാരം ശ്രീക്കുട്ടൻ നൽകിയ ക്രോസിൽ തലവച്ചാണ് താഹിർ സമാൻ ആദ്യഗോൾ നേടിയത്.
രണ്ടാംപകുതിയിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയെങ്കിലും കശ്മീരിന് കാര്യമായ മുന്നേറ്റം നടത്താനായില്ല. പ്രതിരോധം ശക്തമാക്കിയ ഗോകുലം ആക്രമണത്തിന് മൂർച്ചകൂട്ടി. തുടർച്ചയായി അവസരങ്ങൾ പാഴാക്കിയെങ്കിലും കളിതീരാൻ നാല് മിനിറ്റുള്ളപ്പോൾ സുന്ദരഗോൾ പിറന്നു. സ്പാനിഷ് താരം ഒമർ റാമോസിന്റെ കോർണർ കിക്ക് ഡൈവിങ് ഹെഡറിലൂടെ ജോബി ജസ്റ്റിൻ ഗോളാക്കി. ഈസ്റ്റ്ബംഗാളിനും ചെന്നൈയിൻ എഫ്സിക്കും കളിച്ചശേഷം ഗോകുലത്തിലെത്തിയ ജോബി അരങ്ങേറ്റം ഗംഭീരമാക്കി. ഇരുപത്തൊമ്പതിന് മുംബൈ കെൻക്രെയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.