കൊല്ലം > ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന എ എ അസീസിന്റെ പ്രസ്താവന സമ്മർദത്തെ തുടർന്ന്. സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ആവശ്യമുയർത്തി അസീസിനെ മറ്റു നേതാക്കൾ കടുത്ത സമ്മർദത്തിലാക്കുകയാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
സംസ്ഥാന സെക്രട്ടറിയുടെയും കമ്മിറ്റിയുടെയും ദൈനംദിന പ്രവർത്തനത്തിന് പണമില്ലാത്തവിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ആർഎസ്പി. സംസ്ഥാന സെക്രട്ടറിക്ക് വാഹനം ഉപയോഗിക്കാൻ പോലും ഫണ്ടില്ലാത്ത അവസ്ഥ മുമ്പില്ലാത്തതാണ്. ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് എ എ അസീസിന് പാർടിക്കു പുറത്ത് പറയേണ്ടിവന്നത്. ബിൽ അടയ്ക്കാത്തതിനാൽ ജില്ലാ കമ്മിറ്റി ഓഫീസിലെ ടെലിഫോൺ നിശ്ചലമായിട്ട് നാളേറെയായി.
അതേസമയം, സംസ്ഥാന സെക്രട്ടറി സ്ഥാനം ഷിബു ബേബിജോണിന് കിട്ടാതിരിക്കാൻ അണിയറയിൽ എല്ലാ ചരടുവലിക്കും എൻ കെ പ്രേമചന്ദ്രൻ തയ്യാറാകും. അസീസ് മാറിയാൽ ഷിബുവിനെ പരിഗണിക്കേണ്ടിവരുമെന്ന് അണികളോട് പ്രേമചന്ദ്രൻ പറയുന്നുണ്ടെങ്കിലും മനസ്സിലിരിപ്പ് വേറെയാണെന്ന് പാർടിക്കുള്ളിലുള്ളവർ തന്നെ കരുതുന്നു. ഷിബുവിനെ സെക്രട്ടറിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ എതിർപ്പുള്ള പാർടി പ്രവർത്തകരുമുണ്ട്. സ്വന്തം ബിസിനസിൽ ശ്രദ്ധിക്കുന്ന അദ്ദേഹം സെക്രട്ടറിയായാൽ കേരളത്തിൽ കേന്ദ്രീകരിക്കുമോ എന്നാണ് പ്രവർത്തകരുടെ ചോദ്യം. പാർടി സമ്മേളനങ്ങൾ ആരംഭിച്ചപ്പോൾ സംസ്ഥാനത്തിനു പുറത്തുപോയ ഷിബു തിരിച്ചുവന്നത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ്. ഇപ്പോൾ അദ്ദേഹം സ്വന്തം കമ്പനിയുടെ സിനിമാ ഷൂട്ടിങ്ങിന് രാജസ്ഥാനിലാണ്. തെരഞ്ഞെടുപ്പിൽ മാത്രം മത്സരിക്കുന്നതിൽനിന്നു മാറി പ്രേമചന്ദ്രൻ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കണമെന്ന അഭിപ്രായവും പാർടിയിൽ ശക്തമാണ്.
ഫെബ്രുവരി 10നും 11നും ഡൽഹിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റിക്കുശേഷം സെക്രട്ടറി സ്ഥാനം ഒഴിയുമെന്നാണ് അസീസ് പറയുന്നത്. അടുത്തിടെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അസീസിനെ ഒഴിവാക്കാൻ നീക്കം നടന്നിരുന്നു. ഒരുതവണകൂടി സെക്രട്ടറിസ്ഥാനത്ത് തുടരണമെന്ന അസീസിന്റെ ആഗ്രഹം ഷിബു ബേബിജോൺ വിഭാഗത്തിനും അംഗീകരിക്കേണ്ടി വന്നു. നേതാക്കൾ തമ്മിൽ വാഗ്വാദവും വാക്കേറ്റവും വരെയുണ്ടായ സമ്മേളനത്തിൽ സെക്രട്ടറിസ്ഥാനത്തുനിന്നു മാറില്ലെന്ന നിലപാടാണ് അസീസ് സ്വീകരിച്ചത്. പ്രേമചന്ദ്രൻ അസീസിനെ അനുകൂലിച്ചു. ആർഎസ്പി യുഡിഎഫിൽ നിലയുറപ്പിക്കുന്നതിനെതിരായ പ്രവർത്തകരുടെ വികാരം തുടരുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന പ്രസ്താവന അസീസ് നടത്തിയത്.