കൊണ്ടോട്ടി> ഹജ്ജ് തീർഥാടനത്തിന് കുറഞ്ഞ ചെലവിൽ വിസ വാഗ്ദാനംനൽകി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ചേന്നൻകുളത്തിൽ അനീസിനെ (33)യാണ് ബംഗളൂരുവിലെ ഒളിത്താവളത്തിൽനിന്ന് പിടികൂടിയത്. 2022 ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടി സ്വദേശിനിയാണ് പരാതിക്കാരി. രണ്ട് ലക്ഷത്തോളം രൂപയാണ് തട്ടിയത്.
അന്വേഷണം നടക്കുന്നതറിഞ്ഞ് ഒളിവിൽപ്പോയ പ്രതി ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ താമസിച്ചുവരികയായിരുന്നു. സമാന സംഭവത്തിന് ഇയാൾ മുമ്പും പിടിയിലായിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ പേരിൽ സിം കാർഡുകൾ എടുത്താണ് തട്ടിപ്പ് നടത്തിയത്. വിസ തട്ടിപ്പിന് മലപ്പുറം, നിലമ്പൂർ, പൊന്നാനി, തിരൂർ, കാടാമ്പുഴ, വണ്ടൂർ, കാസർകോട്, എറണാകുളം ജില്ലകളിലായി പതിനഞ്ചോളം കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. ഒളിവിൽകഴിഞ്ഞ സമയത്തും വിസ വാഗ്ദാനംചെയ്ത് നിരവധിയാളുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയതായി ഇയാൾ പൊലീസിന് മൊഴിനൽകി.
ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എസിപി വിജയ് ഭാരത്റെഡി, എസ്ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്.