തിരുവനന്തപുരം
സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിലെ വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് സർക്കാർ. പ്രസവാവധിയും അനുവദിക്കും. ആർത്തവകാലത്ത് വിദ്യാർഥിനികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ ചരിത്രപരമായ തീരുമാനം.
സ്ത്രീസുരക്ഷയും സംരക്ഷണവും കരുതലും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സുപ്രധാന തീരുമാനങ്ങൾ എടുത്ത് നടപ്പാക്കിയ എൽഡിഎഫ് സർക്കാരിന്റെ അഭിമാനാർഹമായ മറ്റൊരു പ്രഖ്യാപനം കൂടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് 73 ശതമാനം ഹാജർ മതി. 18 വയസ്സ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയുമെടുക്കാം. സർവകലാശാലകളിൽ ഇത് സംബന്ധിച്ച് ആവശ്യമായ നിയമഭേദഗതിവരുത്തും.
എസ്എഫ്ഐ യൂണിയൻ ആവശ്യത്തെ തുടർന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് ആദ്യമായി ആർത്തവാവധി നടപ്പാക്കിയത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. എല്ലാ സർവകലാശാലകളിലും ഇത് നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. വിദ്യാർഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയ റിപ്പോർട്ടിൽ തന്നെ സ്ത്രീസുരക്ഷയിൽ ദേശീയതലത്തിൽ ഉന്നത സ്ഥാനത്താണ് കേരളം.
വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്യ്രം, സംരക്ഷണം എന്നിവ പരിഗണിച്ചായിരുന്നു റിപ്പോർട്ട്. സർക്കാർ തീരുമാനത്തെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. രണ്ട് ആവശ്യങ്ങളും എസ്എഫ്ഐ സർക്കാർ മുമ്പാകെ വച്ചിരുന്നു.
ഏറെ ആഗ്രഹിച്ച തീരുമാനം: നമിത ജോർജ്
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള തീരുമാനം ഒരുപാട് കാലമായി മനസ്സിൽ കണ്ട സ്വപ്നമാണെന്ന് കുസാറ്റ് യൂണിയൻ ചെയർപേഴ്സൺ നമിത ജോർജ്. ഇതിലും വലിയ പുരോഗമനപരമായ തീരുമാനം അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. ഒരുപാട് സന്തോഷം തോന്നുന്നു. കേരളത്തിലെ എല്ലാ സർവകലാശാലകളും കോളേജുകളും ആർത്തവാവധി അനുവദിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു.
യൂണിയൻ ചെയർപേഴ്സണായി ചുമതലയേറ്റ ഉടനെ ആർത്തവ അവധി അനുവദിക്കണമെന്ന് അപേക്ഷ നൽകി. ഇതിനെ വളരെ പോസിറ്റീവായി കണ്ട് തീരുമാനമെടുത്ത് ഉത്തരവിട്ട കുസാറ്റ് അധികൃതർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. കേരളത്തിൽ എല്ലാവരും ഇതിന്റെ ആവശ്യകത ചർച്ച ചെയ്തുവെന്നും നമിത ജോർജ് പറഞ്ഞു.