കൊച്ചി
കാസർകോട് കേന്ദ്ര സർവകലാശാല പിആർഒ ആയി ബിജെപി മുഖപത്രത്തിന്റെ ലേഖകൻ കെ സുജിത്തിനെ അനധികൃതമായി നിയമിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. ചട്ടവും നിയമവും ലംഘിച്ചുള്ള നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക അനുപമ മിലിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, നിയമനം കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ഉത്തരവിട്ടു. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
പിആർഒ തസ്തികയിലേക്ക് പരീക്ഷയും അഭിമുഖവും നടത്തിയശേഷം സർവകലാശാലാ വെബ്സൈറ്റിലൂടെ ഫലം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് സുജിത്തിന് നിയമന ഉത്തരവ് അയച്ചു. 2020 ഡിസംബർ 17ന് നിയമന ഉത്തരവ് നൽകിയശേഷം ഇരുപത്തിനാലിനാണ് ഫലം പ്രസിദ്ധീകരിച്ചത്. 26ന് സുജിത് സ്ഥാനമേറ്റു.
വിവരാവകാശനിയമപ്രകാരം പരീക്ഷാ പേപ്പറിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടെങ്കിലും അനുപമയുടേതുമാത്രമാണ് നൽകിയത്. സുജിത്തിന്റെ നൽകാനാകില്ലെന്ന് അറിയിച്ചു. തുടർന്നാണ് നിയമനം ചോദ്യംചെയ്ത് അനുപമ മിലി ഹൈക്കോടതിയെ സമീപിച്ചത്.
ദേശീയമാധ്യമങ്ങളിലെ പത്രപ്രവർത്തനപരിചയമാണ് കേന്ദ്ര സർവകലാശാലാ പിആർഒയ്ക്ക് വേണ്ടത്. കാസർകോട്ട് ബിജെപി മുഖപത്രത്തിൽ കുറച്ചുനാൾ ജോലി ചെയ്തതുമാത്രമാണ് നിലവിലെ പിആർഒയ്ക്കുള്ള ഏക യോഗ്യത. കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസ് നിയന്ത്രണത്തിൽ സ്വന്തക്കാരെ തിരുകിക്കയറ്റുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. അധ്യാപക തസ്തികയിൽ എബിവിപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനെ നിയമിച്ചതും ഹൈക്കോടതി തടഞ്ഞിരുന്നു.