തിരുവനന്തപുരം
വയോജനങ്ങൾക്കുള്ള സർക്കാർ ക്ഷേമപെൻഷൻ മാതൃകയാണെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്. പ്രായമേറിയവർ മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ കേരളത്തിലാണെന്നും ഇവരിൽ ഭൂരിപക്ഷത്തിനും ഏതെങ്കിലുമൊരു ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ടെന്നുമുള്ള സവിശേഷതയാണ് ആർബിഐ റിപ്പോർട്ടിൽ എടുത്തു പറഞ്ഞിരിക്കുന്നത്.
വയോജന പരിപാലനത്തിൽ കേരളം കാണിക്കുന്ന മികവിനുള്ള അംഗീകാരം കൂടിയാണ് ആർ ബി ഐയുടെ പരാമർശമെന്ന് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പറഞ്ഞു. വയോജനങ്ങളിൽ 76.13 ശതമാനം പേർക്കും പെൻഷൻ നൽകുന്ന കേരള മാതൃകയെയാണ് സംസ്ഥാന ബജറ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടിൽ റിസർവ്വ് ബാങ്ക് പ്രശംസിച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളായ നിരവധി പെൻഷൻ പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും എണ്ണംകൊണ്ടും വ്യാപ്തികൊണ്ടും രാജ്യത്തെ മാതൃകാ സംസ്ഥാനമാണിന്ന് കേരളം. അവ ആരംഭിക്കുക മാത്രമല്ല, നിലനിർത്തുകയും വികസിപ്പിക്കുകയുമൊക്കെ ചെയ്യുന്നതിൽ ഇതേ മാതൃകാപദവി നമുക്കുണ്ട്. ഇതേവരേക്കുമുള്ള വിവിധ ഇടതുപക്ഷ സർക്കാരുകൾ ഇക്കാര്യത്തിൽ പുലർത്തിപ്പോരുന്ന സമീപന വ്യത്യാസമാണ് ഈ മികവിന്റെ അടിത്തറ – –-മന്ത്രി പറഞ്ഞു.