തിരുവനന്തപുരം
ഐടിഐ അടിസ്ഥാന യോഗ്യതയായി നിഷ്കർഷിച്ചിട്ടുള്ള തസ്തികളിലേക്ക് ഇനി ബി ടെക്, എം ടെക് ബിരുദക്കാർക്ക് അപേക്ഷിക്കാനാവില്ല. ഐടിഐ കോഴ്സിനെ ബി ടെക്, ഡിപ്ലോമ കോഴ്സുകളായി തുല്യതപ്പെടുത്താനോ ഐടിഐയുടെ ഉയർന്ന യോഗ്യതയായി ബി ടെക്, എം ടെക് കോഴ്സുകളെ പരിഗണിക്കാനോ ആവില്ലെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ഐടിഐകളിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ നീർഘകാല ആവശ്യമാണ് സർക്കാർ സാധ്യമാക്കിയത്.
കേരളത്തിൽ വിവിധ ട്രേഡിൽ ഐടിഐ കോഴ്സുകൾ നടത്തുന്നത് ഇൻഡസ്ട്രിയൽ ട്രെയ്നിങ് വകുപ്പാണ്. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയ്നിങ് ആണ് സർട്ടിഫിക്കറ്റ് നൽകുന്നത്. പഠനത്തിലും പഠനരീതിയിലും ഐടിഐ വിദ്യാഭ്യാസവും എൻജിനിയറിങ്/ ഡിപ്ലോമ കോഴ്സുകളും തമ്മിലുണ്ട്. വ്യവസായ ശാലകൾക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ രൂപപ്പെടുത്താൻ ‘നൈപുണ്യം വർധിപ്പിക്കുന്ന കരിക്കുലമാണ് ഐടിഐയിലേത്. എൻജിനിയറിങ്, ഡിപ്ലോമ വിദ്യാഭ്യാസത്തിൽ നൈപുണ്യത്തേക്കാൾ അക്കാദമിക് മേഖലയ്ക്കാണ് പ്രധാനം. എൻജിനിയറിങ് കോഴ്സുകളെ ഐടിഐ/എൻഎസി, എൻടിസി ട്രേഡ് സർട്ടിഫിക്കറ്റുകളുമായി തുല്യതപ്പെടുത്താൻ സാധിക്കില്ലെന്ന ഡയറക്ടർ ജനറൽ ഓഫ് ട്രെയ്നിങ് വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിൽ വൈദഗ്ധ്യം ആവശ്യമായ തൊഴിൽ ശാലകളിലും മേഖലകളിലും ഐടിഐ പൂർത്തിയാക്കിയവർക്കുതന്നെ തൊഴിലവസരം നൽകണം. അതിനാൽ ഐടിഐ അടിസ്ഥാന യോഗ്യതയായി പിഎസ്സി വിജ്ഞാപനം പുറപ്പെടുവിക്കുന്ന വിവിധ വകുപ്പുകളിലെ തസ്തികകളിൽ എൻജിനിയറിങ്, ഡിപ്ലോമ ബിരുദധാരികളെ ഇനി മുതൽ പരിഗണിക്കില്ല.