ന്യൂഡൽഹി
സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നിലനിർത്താനൊരുങ്ങുന്ന കേരളത്തിന് അവസാനറൗണ്ട് കടുപ്പമാകും. കരുത്തരായ ഗോവ, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ ടീമുകൾ ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം. ബംഗാളും സർവീസസും റെയിൽവേസും അടങ്ങിയതാണ് ബി ഗ്രൂപ്പ്. ആകെ 12 ടീമുകൾ കിരീടത്തിനായി ഏറ്റുമുട്ടും. ഒഡിഷയിൽ ഫെബ്രുവരി 10 മുതൽ 20 വരെയാണ് മത്സരങ്ങൾ. സെമി, ലൂസേഴ്സ് ഫൈനൽ, ഫൈനൽ എന്നിവയ്ക്ക് സൗദി അറേബ്യ വേദിയാകും. മത്സര തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതാദ്യമായാണ് രാജ്യത്തിന് പുറത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ആറ് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ഫൈനൽ റൗണ്ടിലേക്കുള്ള പോരാട്ടങ്ങൾ. ആറാംഗ്രൂപ്പിലെ കളി തീർന്നിട്ടില്ല. അതിനാൽ രണ്ട് ടീമുകളുടെ ഒഴിവുണ്ട്. മണിപ്പുരിൽ ഞായറാഴ്ച ഈ മത്സരങ്ങൾ പൂർത്തിയാകും. ഇതിലെ ഗ്രൂപ്പ് ചാമ്പ്യൻമാർ മുന്നേറും. ഒപ്പം ഗ്രൂപ്പ് രണ്ടിലെയും ആറിലെയും മികച്ച റണ്ണറപ്പും ഫൈനൽ റൗണ്ടിൽ ഇടംപിടിക്കും. സർവീസസും റെയിൽവേസും നേരിട്ട് യോഗ്യത നേടി.
ഗ്രൂപ്പ് രണ്ടിൽ അഞ്ച് കളിയും ജയിച്ച് ഒന്നാമതായാണ് കേരളം മുന്നേറിയത്. കോഴിക്കോടായിരുന്നു മത്സരങ്ങൾ. 24 ഗോളടിച്ചപ്പോൾ രണ്ടെണ്ണംമാത്രമാണ് വഴങ്ങിയത്. കഴിഞ്ഞവർഷം മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ബംഗാളിനെ വീഴ്ത്തിയാണ് കേരളം ഏഴാം കിരീടമുയർത്തിയത്.
ഫൈനൽ റൗണ്ടിൽ രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് യോഗ്യത നേടും. ഡൽഹിയിലെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പിൽ സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനാണ് ഗ്രൂപ്പുകളെ തെരഞ്ഞെടുത്തത്.
എ ഗ്രൂപ്പ്
കേരളം, ഗോവ, മഹാരാഷ്ട്ര, കർണാടക, ഒഡിഷ, യോഗ്യതാറൗണ്ട് ചാമ്പ്യൻമാർ (ഗ്രൂപ്പ് 6)
ബി ഗ്രൂപ്പ്
ബംഗാൾ, മേഘാലയ, ഡൽഹി, സർവീസസ്, റെയിൽവേസ്, യോഗ്യതാറൗണ്ട് മികച്ച രണ്ടാംസ്ഥാനക്കാർ (ഗ്രൂപ്പ് 2, 6)
കേരളത്തിന്റെ മത്സരങ്ങൾ
ഫെബ്രുവരി 10–-ഗോവ
12–-കർണാടക
14–-മഹാരാഷ്ട്ര
17–-ഒഡിഷ
19–-യോഗ്യതാറൗണ്ട് ചാമ്പ്യൻമാർ (ഗ്രൂപ്പ് 6).