തിരുവനന്തപുരം> റെയിൽവേ ഭൂമി സ്വകാര്യ ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.കണ്ണൂർ ഉൾപ്പെടെ രാജ്യത്തെ 48- റെയിൽവേ സ്റ്റേഷനുകളുടെ ഭൂമി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാനാണ് കേന്ദ്രം തീരുമാനിച്ചത്. 45 മുതൽ 99 വർഷക്കാലത്തേക്കാണ് പാട്ടക്കരാർ.കേരളത്തിലെ പ്രധാന റെയിൽ വേസ്റ്റേഷനായ കണ്ണൂരിനെ ദിവസം പതിനായിരത്തോളം യാത്രക്കാരാണ് ആശ്രയിക്കുന്നത്. എന്നാൽ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ചും തൊഴിലുകൾ ഇല്ലാതാക്കിയും ജനങ്ങളെ വെല്ലുവിളിക്കുകയാണ് കേന്ദ്ര സർക്കാർ . ഇന്ത്യൻ റെയിൽവേ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭൂമി സ്വകാര്യ ഗ്രൂപ്പുകൾക്ക് എഴുതി നൽകുന്നത്. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ട് വരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.