തിരുവനന്തപുരം
പൊതുജനാരോഗ്യ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യ്ക്ക് അർഹമായ വിഹിതം നൽകാതെ കേന്ദ്രം. ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണമെന്ന നിയമം മറന്ന കേന്ദ്രം നിലവിൽ നൽകുന്നത് 10 ശതമാനത്തിൽ താഴെമാത്രം.
42 ലക്ഷം കുടുംബമാണ് കേരളത്തിൽ കാസ്പ് ഗുണഭോക്താക്കൾ. അതിൽ 22 ലക്ഷം കുടുംബത്തിന്റെ ചികിത്സാ ചെലവിന്റെ 60 ശതമാനമാണ് കേന്ദ്രം നൽകേണ്ടത്. ബാക്കിയുള്ള 20 ലക്ഷത്തിന്റേത് പൂർണമായും സംസ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ, ഒരു കുടുംബത്തിന് 1030 രൂപയേ അനുവദിക്കൂവെന്ന നിലപാടിലാണ് നാഷണൽ ഹെൽത്ത് അതോറിറ്റി (എൻഎച്ച്എ). ഇതിന്റെ 60 ശതമാനമായ 618 രൂപ മാത്രമാണ് കേന്ദ്രം നൽകുന്നത്. ഇത്തരത്തിൽ 2021–-22ൽ 22 ലക്ഷം കുടുംബത്തിനായി കേന്ദ്രം അനുവദിച്ചത് 138 കോടി രൂപമാത്രം. ഈ കാലയളവിൽ സംസ്ഥാനത്ത് കാസ്പിനായി ആകെ ചെലവായത് 1400 കോടി രൂപ. കോവിഡായതിനാൽ ഗുണഭോക്താക്കൾ അല്ലാത്തവർക്കും സംസ്ഥാനം സൗജന്യ ചികിത്സ നൽകി.
22 ലക്ഷം കുടുംബത്തിന്റെയെങ്കിലും ചികിത്സാചെലവിന്റെ 60 ശതമാനം നൽകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടിരുന്നു. നാഷണൽ ഫുഡ് സേഫ്റ്റി ആക്ട് (എൻഎഫ്എസ്എ) പ്രകാരമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി വിഹിതം അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. എന്നാൽ, രണ്ടും അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.എൻഎഫ്എസ്എ വിവരങ്ങൾ അടിസ്ഥാനമാക്കി സാർവത്രിക ആരോഗ്യപരിരക്ഷയാണ് കേരളം ലക്ഷ്യമിടുന്നത്. പദ്ധതിക്കായി ധനവകുപ്പ് 200 കോടി രൂപ അനുവദിച്ചിരുന്നു.