ശ്യാമൾ ചക്രവർത്തി നഗർ
(ബംഗളൂരു)
സിഐടിയു അഖിലേന്ത്യ സമ്മേളനവേദിയിൽ വ്യാഴാഴ്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ദേശീയ പണിമുടക്കിന്റെ സ്മരണ പുതുക്കും. നാല് പതിറ്റാണ്ടുമുമ്പ് നടന്ന ഐതിഹാസിക സമരത്തിന്റെ സ്മരണ പുതിയ പോരാട്ടങ്ങൾക്ക് ഊർജമാകും. കർഷക–-കർഷകത്തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ ഏപ്രിൽ അഞ്ചിന് ആഹ്വാനംചെയ്ത സംയുക്ത പാർലമെന്റ് മാർച്ചിന് അഞ്ച് ലക്ഷത്തിലേറെ പേരെ പങ്കെടുപ്പിക്കും.
1982 ജനുവരി 19നായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ദേശീയ പൊതുപണിമുടക്ക്. അടിയന്തരാവസ്ഥയെത്തുടർന്ന് പുറത്തായശേഷം അധികാരത്തിൽ തിരിച്ചുവന്ന ഇന്ദിരാഗാന്ധി ഐഎംഎഫ് നിർദേശിച്ച വ്യവസ്ഥകൾ പൂർണമായും അംഗീകരിച്ച് വായ്പയെടുത്തു. നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിന്റെ തുടക്കം തിരിച്ചറിഞ്ഞ് തൊഴിലാളികളും കർഷകരും സമരരംഗത്തിറങ്ങി. 1981 ജൂൺ നാലിന് മുംബൈയിൽ ചേർന്ന ഐക്യട്രേഡ് യൂണിയൻ കൺവൻഷനാണ് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. ഏഴുമാസത്തെ വിപുല പ്രചാരണവും സംഘടിപ്പിച്ചു. ഐഎൻടിയുസി ഒഴികെ കേന്ദ്ര ട്രേഡ് യൂണിയനുകളെല്ലാം അണിചേർന്നു.
സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിൽ പ്രസിഡന്റ് കെ ഹേമലത പതാക ഉയർത്തുന്നു