തിരുവനന്തപുരം> രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കാനും അങ്ങനെ ഒരു മതരാഷ്ട്ര വാദം ഉയർത്തി കൊണ്ടു മുന്നോട്ടു പോവാനും ശ്രമിക്കുമ്പോൾ ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആ പോരാട്ടത്തിൽ ദേശാഭിമാനിക്ക് നിർണായക പങ്കുവഹിക്കാനുണ്ടെന്നും ജനങ്ങളെ ശരിയുടെയും സത്യത്തിന്റെ പാദയിലേക്ക് കൊണ്ടുവരാനുള്ള ബാധ്യത ദേശാഭിമാനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയുടെ എൺപതാം വാർഷികത്തിന്റെ സമാപന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു യെച്ചൂരി.
ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനായി. മന്ത്രി പി രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്, എ എ റഹീം എം പി, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സമാപനച്ചടങ്ങിൽ ദേശാഭിമാനി പുരസ്കാരം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മുൻ ചീഫ് എഡിറ്റർമാർ, ജനറൽ മാനേജർമാർ, ജനറൽ എഡിറ്റർ എന്നിവരെ ആദരിക്കും. തുടർന്ന് പ്രൊജക്ട് മലബാറിക്കസ് നേതൃത്വത്തിൽ സിതാര കൃഷ്ണകുമാർ, ഹിഷാം അബ്ദുൾ വാഹാബ്, നിരഞ്ജ് സുരേഷ് എന്നിവർ നയിക്കുന്ന മ്യൂസിക് ഷോ, രാജേഷ് ചേർത്തലയുടെ ഇൻസ്ട്രമെന്റൽ ഫ്യൂഷൻ, ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം എന്നിവ അരങ്ങേറും.