പാലാ> വിമുക്തഭടനായ ബാങ്ക് ഉദ്യോഗസ്ഥൻ ഓടിച്ച കാർ കാൽനട യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി നിർത്താതെപോയി. പരിക്കേറ്റ യുവതിയുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങളിൽനിന്ന് വിവിരങ്ങൾ ശേഖരിച്ച പൊലീസ് കാർ കസ്റ്റഡിയിൽ എടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി ഈരാറ്റുപേട്ട എസ്ബിഐ ജീവനക്കാരനായ വിമുക്തഭടൻ നോബർട്ട് ജോർജ് വർക്കിയെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച അപകടം സൃഷ്ടിച്ച കെഎൽ 35 എച്ച് 4352 നമ്പർ കാറും കസ്റ്റിഡിയിൽ എടുത്തിട്ടുണ്ട്.
ആശുപത്രിയിലേയ്ക്ക് നടന്നുപോകുന്നതിനിടെ ബൈപാസ് മുറിച്ചുകടക്കുയായിരുന്ന യാത്രക്കാരി കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ചുവീഴ്ത്തിയത്. കാറിടിച്ച് തെറിച്ചുവീണ് കൈയുടെ അസ്ഥി തകർന്ന യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വ പകൽ ഒന്നിന് അരുണാപുരം മരിയൻ സെന്റർ ജംങ്ഷനിലായിരുന്നു അപകടം.
അപകടത്തിൽപ്പെട്ട് യുവതി തെറിച്ചുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മാതൃകയാകേണ്ട വിമുക്തഭടൻ വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. ഇടിച്ച കാർ വേഗം കുറച്ചശേഷം യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാനോ റോഡിൽ വീണുകിടന്ന ഇവരെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാതെ വാഹനം ഓടിച്ചു പോകുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. മിലട്ടറി ക്യാന്റീനിൽനിന്ന് മദ്യം വാങ്ങാൻ പോവുകയായിരുന്ന നോബർട്ടിനൊപ്പം ഭാര്യയും സംഭവസമയം കാറിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.