തിരുവനന്തപുരം> പൊതുജനാരോഗ്യ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) യ്ക്ക് അർഹവിഹിതം നൽകാതെ കേന്ദ്രം. ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണമെന്ന നിയമം മറന്ന കേന്ദ്രം നിലവിൽ നൽകുന്നത് 10 ശതമാനത്തിൽ താഴെ വിഹിതം മാത്രം.
42 ലക്ഷം കുടുംബങ്ങളാണ് കേരളത്തിൽ കാസ്പിന്റെ ഗുണഭോക്താക്കൾ. അതിൽ 22 ലക്ഷം കുടുംബങ്ങൾക്കുള്ള ചികിത്സാ ചെലവിന്റെ 60 ശതമാനമാണ് കേന്ദ്രം നൽകേണ്ടത്. ബാക്കിയുള്ള 20 ലക്ഷം കുടുംബങ്ങളുടെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. എന്നാൽ ഒരു കുടുംബത്തിന് 1030 രൂപ മാത്രമെ അനുവദിക്കുകയെന്ന പരിധി പരിധി നിശ്ചയിച്ചിരിക്കുകയാണ് നാഷണൽ ഹെൽത്ത് അതോറിറ്റി (എൻഎച്ച്എ). ഈ പരിധിയുടെ 60 ശതമാനമായ 618 രൂപ മാത്രമാണ് കേന്ദ്രം നിലവിൽ ഒരു കുടുംബത്തിന് അനുവദിക്കുന്നത്.
ആകെ ചികിത്സാചെലവിന്റെ 60 ശതമാനം വിഹിതം നൽകണമെന്ന നിയമം നിലനിൽക്കുമ്പോളാണ് ഈ അനീതി. ഇത്തരത്തിൽ 2021–-22ൽ 22ലക്ഷം കുടുംബങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിച്ചത് വെറും 138 കോടി രൂപമാത്രം. ഈ കാലയളവിൽ സംസ്ഥാനത്ത് കാസ്പിനായി ആകെ ചെലവായത് 1400 കോടി രൂപയായിരുന്നു. കോവിഡ് വ്യാപനകാലമായതിനാൽ ഗുണഭോക്താക്കൾ അല്ലാത്തവർക്കും സംസ്ഥാനം സൗജന്യ ചികിത്സ നൽകിയിരുന്നു.
രോഗിയുടെ ആകെ ചികിത്സാചെലവിന്റെ 60 ശതമാനമെങ്കിൽ നൽകാൻ കേന്ദ്രം തയാറാകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. നാഷണൽ ഫുഡ് സേഫ്റ്റി ആക്ട് (എൻഎഫ്എസ്എ) പ്രകാരമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി കുടുംബങ്ങളുടെ എണ്ണമെടുത്ത് വിഹിതം അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്രം തയാറായിട്ടില്ല. എൻഎഫ്എസ്എ വിവരങ്ങൾ അടിസ്ഥാനമാക്കി സാർവത്രിക ആരോഗ്യപരിരക്ഷ നടപ്പാക്കുകയെന്ന വലിയ ലക്ഷ്യമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. പദ്ധതിക്കായി ധനവകുപ്പ് കഴിഞ്ഞ ബുധനാഴ്ച 200 കോടി രൂപ അനുവദിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.