തിരുവനന്തപുരം > ഈരാറ്റുപേട്ട – വാഗമണ് റോഡ് പ്രവൃത്തി ഉടന് ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മറ് റിയാസ് അറിയിച്ചു. മാതൃകാ വേഗത്തിൽ റീ ടെണ്ടര് നടപടികള് പൂര്ത്തിയാകുകയാണെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തദ്ദേശീയരുടെയും ടൂറിസ്റ്റുകളുടെയും ദീർഘകാല ആവശ്യമായിരുന്ന ഈരാറ്റുപേട്ട – വാഗമണ് റോഡിൻ്റെ നിർമ്മാണം പുനരാരംഭിക്കാനുള്ള നടപടികള് പൂര്ത്തിയാവുകയാണ്. വകുപ്പിൻ്റെ ചുമതല ഏറ്റതു മുതൽ അടിയന്തിര പ്രാധാന്യത്തോടെ ശ്രദ്ധിക്കുന്ന പദ്ധതിയാണ് ഒരു പതിറ്റാണ്ട് കാലമായി ജനങ്ങള് പ്രയാസം അനുഭവിക്കുന്ന ഈരാറ്റുപേട്ട – വാഗമണ് റോഡ് നവീകരണം. ഇതിനായി 19.90 കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ചിരുന്നു.
എന്നാല് കരാറുകാരന്റെ ഭാഗത്ത് നിന്നും നിരന്തരം വീഴ്ച സംഭവിച്ചതിനെ തുടര്ന്ന് പ്രവൃത്തി റിസ്ക് ആന്ഡ് കോസ്റ്റില് ടെര്മിനേറ്റ് ചെയ്തു. കരാറുകാരനെതിരെ പൊതുമരാമത്ത് മാന്വല് പ്രകാരമുള്ള നടപടികള് സ്വീകരിക്കുകയും ചെയ്തുവരികയാണ്. റീ-ടെണ്ടര് നടപടികൾ സാധാരണ ഗതിയിൽ നേരിടുന്ന കാല താമസം ഈ പദ്ധതിയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നത് അഭിമാനകരമാണ്. വകുപ്പിലെ നവീകരണ പ്രക്രിയയുടെ ഏറ്റവും വലിയ മാറ്റം റീ-ടെണ്ടര് നടപടികൾ വേഗത്തിൽ നടപ്പിലാക്കാൻ കഴിയും എന്നതാണ്. നിരവധി പ്രതിസന്ധികളെ മറികടന്ന് റീ-ടെണ്ടര് നടപടികൾ പൂർത്തിയാകുന്നതോടെ ഒരു നാടിൻ്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കപെടുക കൂടിയാണ് – മന്ത്രി പറഞ്ഞു.