തിരുവനന്തപുരം
1976ലെ കനത്ത മഴയുള്ള സന്ധ്യയിൽ കളമശ്ശേരി എച്ച്എംടിയിലേക്ക് ഒരു ഫോൺ വിളിയെത്തി, പി മണികണ്ഠനെ അടിയന്തരമായി കിട്ടണം. ഒരു ജീവനക്കാരൻ സെക്ഷനിലേക്കോടിയെത്തി വിവരം പറഞ്ഞു.
‘മണികണ്ഠൻ സഖാവെ, ഇന്നും കമീഷണറും പൊലീസുകാരും ഓഫീസിൽ എത്തിയിരുന്നു. പത്രം അച്ചടിക്കരുതെന്ന ഭീഷണിക്കു പുറമെ പ്രസിലെ മെഷീനിൽനിന്ന് ചില ടൂളുകൾ ഊരിക്കൊണ്ടുപോയി. മണികണ്ഠൻ ഇവിടംവരെ വരണം’. ഫോണിന്റെ മറുതലയ്ക്കൽ ദേശാഭിമാനി ജനറൽ മാനേജർ കണ്ണൻ നായർ. ഓഫീസിലെത്തിയപ്പോൾ കണ്ണൻ നായർക്കൊപ്പം മുഖ്യ ചുമതലക്കാരനായ കെ മോഹനനും കെ ബാലചന്ദ്രനുമുണ്ട്. ‘ഇന്ന് പത്രം അച്ചടിക്കണം. പൊലീസ് ഊരിയെടുത്തുകൊണ്ടുപോയതിനു പകരം എച്ച്എംടിയിൽനിന്ന് യോജിച്ച ടൂൾസ് കൊണ്ടുവന്നിട്ടാണെങ്കിലും പത്രം ഇറക്കണം’. ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു. എച്ച്എംടിയിലേക്ക് പോകാൻ സ്കൂട്ടർ ഏർപ്പാടാക്കി. വൈകാതെ ടൂൾസുമായിവന്ന് അച്ചടിക്കാൻ പാകത്തിൽ പ്രസ് സജ്ജമാക്കി പിറ്റേന്നും ദേശാഭിമാനി പുറത്തിറക്കി. കെ മോഹനൻ പിന്നീട് ജനറൽ എഡിറ്ററായി.
അടിയന്തരാവസ്ഥയിൽ ‘ദേശാഭിമാനി’ പുറത്തിറങ്ങാതിരിക്കാൻ സർക്കാരും പൊലീസും നടത്തിയ കിരാത നടപടികളെക്കുറിച്ച് ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു എച്ച്എംടി ജീവനക്കാരനായിരുന്ന പി മണികണ്ഠൻ. പൊലീസ് പലതവണ ദേശാഭിമാനിയിലെത്തി ഇതുപോലെ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. അപ്പോഴൊക്കെ തുണയായവരിൽ ദേശാഭിമാനിയെയും പാർടിയെയും സ്നേഹിക്കുന്ന എച്ച്എംടിയിലെ ജീവനക്കാരുമുണ്ടായിരുന്നു. അതിന്റെ നേതാവ് പി മണികണ്ഠനായിരുന്നുവെന്ന് കൊച്ചി മേയറായിരുന്ന കെ ബാലചന്ദ്രൻ ഓർമിച്ചു. ജർമൻ കമ്പനിയിൽനിന്ന് വാങ്ങിയ പ്ലമാഗ് പ്രസ് ആയിരുന്നു ദേശാഭിമാനിയുടേത്. ഒരിക്കൽ അതിന്റെ റോളർ പൊട്ടി മൂന്നാഴ്ച പത്രം പുറത്തുനിന്ന് അച്ചടിക്കേണ്ടിവന്നു. ഇതറിഞ്ഞയുടൻ എച്ച്എംടിയിൽനിന്ന് കേശവൻ എന്ന ചീഫ് എൻജിനിയറെയും ജീവനക്കാരെയും കൂട്ടിക്കൊണ്ടുവന്ന് റോളർ വെൽഡ്ചെയ്യിച്ച മണികണ്ഠന്റെ ആത്മാർഥതയും ബാലചന്ദ്രൻ ഓർത്തെടുത്തു.
കളമശ്ശേരി പഞ്ചായത്ത് പ്രസിഡന്റും പിന്നീട് മുനിസിപ്പാലിറ്റിയായപ്പോൾ ഉപദേശകസമിതി ചെയർമാനുമായി മണികണ്ഠൻ. സിപിഐ എം കളമശ്ശേരി ഏരിയ കമ്മിറ്റിയംഗമായിരുന്നു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയപ്പോൾ നേമം ഏരിയ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു. പ്രാവച്ചമ്പലത്താണ് താമസം. ഭാര്യ: അംബികാദേവി. മക്കൾ: സരിത, സാജൻ (ദേശാഭിമാനി പ്രിന്റിങ്).