വൈക്കം
ഗൃഹസന്ദർശനത്തിനായിരുന്നു വൈക്കം ഉദയനാപുരം പടിഞ്ഞാറേക്കര ബിജിമോളുടെ വാടകവീട്ടിലേക്ക് സിപിഐ എം പ്രവർത്തകരെത്തിയത്, പക്ഷേ തിരിച്ചിറങ്ങിയത് അവരെ, മണ്ണിന്റെ അവകാശികളാക്കിയിട്ടും. ഏഴ് വർഷമായി അർബുദ ചികിത്സയിലുള്ള ബിജിമോളുടെ ഭർത്താവ് വാസുദേവന് കൂലിപ്പണിയാണ്. ഈ വരുമാനമാണ് ഏക ആശ്രയവും. വാടകയും മരുന്നും പതിനൊന്നും എട്ടും വയസ്സുള്ള കുട്ടികളുടെ പഠനവും കൂടിയായപ്പോൾ സ്വന്തം വീട് സ്വപ്നം മാത്രമായി. ‘ഞങ്ങൾക്ക് സ്വന്തമായി കിടപ്പാടമില്ല, പാർടിക്കാർക്ക് വല്ലതും ചെയ്യാനാകുമോ’ കണ്ണീരിന്റെ നനവോടെയുള്ള ഈ ചോദ്യമാണ് സ്വപ്നസാക്ഷാൽകാരമായത്.
ഏരിയ കമ്മറ്റി അംഗം ടി ടി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ലോക്കൽ സെക്രട്ടറി ജി രവികുമാർ, പി എം പ്രറ്റി എന്നിവർ ഉടൻ സമീപവാസിയായ പടിഞ്ഞാറേക്കര ദേവിപുരക്കൽ എൻ അനിൽകുമാറിനെ സമീപിച്ച് ആവശ്യമറിയിച്ചു. മൂന്ന് സെന്റ് സ്ഥലം നൽകാൻ അദ്ദേഹം സന്നദ്ധനായി. റോഡിനോട് ചേർന്ന മൂന്ന് സെന്റ് അച്ഛൻ നാരായണൻ നായരുടെ സ്മരണയ്ക്കായാണ് നൽകിയത്. അനിൽകുമാറിന്റെ വീട്ടിലെത്തി മന്ത്രി വി എൻ വാസവൻ ബിജിക്കും കുടുംബത്തിനും ആധാരം കൈമാറി.