തിരുവനന്തപുരം> ഗുരുവായൂർ ചൂൽപ്പുറത്തെ മാലിന്യകൂമ്പാരം ഇനി പഴങ്കഥ. ശവക്കോട്ട എന്നറിയപ്പെട്ട, കുറേ ദൂരെ നിന്നാലും ദുർഗന്ധം കൊണ്ട് മൂക്കുപൊത്തി മാത്രം സഞ്ചരിക്കാൻ കഴിയുമായിരുന്ന സ്ഥലത്തിന്ന് കുട്ടികളുടെ പാർക്ക്, വഴിയോരവിശ്രമകേന്ദ്രം, കഫറ്റീരിയ എന്നിവയാണ്.
അഴുകിയ മാലിന്യമല മുഴുവൻ നീക്കം ചെയ്ത് ആ മൂന്നര ഏക്രയും മനോഹരമാക്കി നഗരസഭയെയും മുൻ നഗരസഭാ കൗൺസിലിനെയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. നാല് വർഷത്തെ കഠിനാദ്ധ്വാനമാണ് ഈ നേട്ടത്തിന് പിന്നിലുള്ളതെന്നും രണ്ട് നഗരസഭാ കൗൺസിലുകൾ നടത്തിയിട്ടുള്ള മികച്ച പ്രവർത്തനത്തിന്റെ ഫലമാണിതെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരം കൂടിയാണിത്. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന് ഗുരുവായൂരുകാർ തെളിയിച്ചിരിക്കുന്നു. ഈ ഗുരുവായൂർ മാതൃക കേരളത്തിനാകെ പ്രചോദനമാകണമെന്നും മന്ത്രി പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പ്
കുചേലൻ അവിൽപ്പൊതിയുമായി സതീർഥ്യനായ കൃഷ്ണനെ കാണാൻ പോയി തിരിച്ചെത്തിയപ്പോഴേക്കും തന്റെ കുടിൽ നിന്ന സ്ഥലം കൊട്ടാരമായി മാറിയത് കഥയിൽ നാം കേട്ടിട്ടുണ്ട്. ഗുരുവായൂരിൽ അത് സംഭവിച്ചു; കഥയിലല്ല, യഥാർത്ഥത്തിൽ. ശവക്കോട്ട എന്നറിയപ്പെട്ട, കുറേ ദൂരെ നിന്നാലും ദുർഗന്ധം കൊണ്ട് മൂക്കുപൊത്തി മാത്രം സഞ്ചരിക്കാൻ കഴിയുമായിരുന്ന ഒരു സ്ഥലമുണ്ടായിരുന്നു ഗുരുവായൂർ ചൂൽപുറത്ത്. ലക്ഷക്കണക്കിനാളുകൾ വന്നു പോകുന്ന കൊച്ചുപട്ടണമാണ് ഗുരുവായൂർ. ഈ ജനക്കൂട്ടമുണ്ടാക്കുന്ന മുഴുവൻ മാലിന്യങ്ങളും കൊണ്ടുപോയി തള്ളിയിരുന്ന പ്രദേശമായിരുന്നു ശവക്കോട്ട എന്ന പേരിൽ അറിയപ്പെട്ടത്. മാലിന്യം മാത്രമല്ല, അജ്ഞാത ജഡങ്ങൾ, അനാഥ മൃതശരീരങ്ങൾ എന്നിവയെല്ലാം കൊണ്ടുവന്ന് സംസ്കരിച്ചിരുന്നത് ഇവിടെയായിരുന്നുവത്രെ.
പേടിപ്പെടുത്തുന്ന, ഗുരുവായൂരിന്റെ മുഖത്തൊരു വ്രണം പോലെ കിടന്നിരുന്ന സ്ഥലമായിരുന്നു മൂന്നര ഏക്കറിൽ വ്യാപിച്ചുകിടന്നിരുന്ന ഈ ശവക്കോട്ട. ആ സ്ഥലമാണ് ഇപ്പോൾ ചിത്രത്തിൽ കാണുന്ന മനോഹരമായ പൂങ്കാവനമായി മാറിയിട്ടുള്ളത്. അഴുകിയ മാലിന്യമല മുഴുവൻ നീക്കം ചെയ്ത് ആ മൂന്നര ഏക്രയും മനോഹരമാക്കി. ഗുരുവായൂരിലും മറ്റുമെത്തുന്ന തീർഥാടകർക്ക് ഇടത്താവളമായി ഉപയോഗിക്കാനുള്ള സൗകര്യങ്ങളോടു കൂടി മനോഹരമായ ഒരു ടേക്ക് എ ബ്രേക്ക് പണികഴിപ്പിച്ചു. അതിനോട് ചേർന്ന് ഹരിതകർമസേന ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കൾ സംഭരിക്കാനും തരംതിരിക്കാനുമുള്ള, 4000 ചത്രുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയും നിർമാണം പൂർത്തിയാക്കി. ഇവിടെ ആധുനിക സാങ്കേതിക സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ ആകർഷണം, അതിമനോഹരമായി നിർമിച്ചിട്ടുള്ള ചിൽഡ്രൻസ് പാർക്കാണ്. സായാഹ്നത്തിൽ വൈദ്യുത ദീപാലങ്കാരത്തോടുകൂടി ഈ പൂങ്കാവനം പ്രശോഭിക്കുന്നു. ഒരിക്കൽ പേടിപ്പെടുത്തുന്ന ശവക്കോട്ടയായി നിന്ന സ്ഥലം ഇപ്പോൾ ഗുരുവായൂരിലെത്തുന്ന എല്ലാവരെയും ആകർഷിക്കുന്ന സുന്ദരകേന്ദ്രമായി മാറിയിരിക്കുന്നു.
ഇതിനൊപ്പം ഗ്യാസ് ഉപയോഗിച്ചുള്ള ശ്മശാനവും പ്രവർത്തിക്കുന്നു. കൃഷ്ണ-കുചേല കഥയിലെപ്പോലെ മായാജാലമല്ല, നാല് വർഷത്തെ കഠിനാദ്ധ്വാനമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്. രണ്ട് നഗരസഭാ കൗൺസിലുകൾ നടത്തിയിട്ടുള്ള മികച്ച പ്രവർത്തനത്തിന്റെ ഫലമാണിത്. കഴിഞ്ഞ ദിവസം ഈ മൂന്ന് പദ്ധതികളും ഉദ്ഘാടനം ചെയ്യാൻ ഞാൻ അവിടെ പോയിരുന്നു. ഗുരുവായൂർ നിവാസികൾക്കെല്ലാം ഇത് അവിശ്വസനീയമായ മാറ്റമാണ്. ശവക്കോട്ട ഇങ്ങനെയൊരു പൂങ്കാവനമായിത്തീരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരം കൂടിയാണിത്. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന് ഗുരുവായൂരുകാർ തെളിയിച്ചിരിക്കുന്നു. ഈ ഗുരുവായൂർ മാതൃക കേരളത്തിനാകെ പ്രചോദനമാകണം. ഇതിനുപുറമെ ഒരു ദ്രവമാലിന്യ സംസ്കരണ പ്ലാന്റും ഗുരുവായൂർ നഗരസഭയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെ തെറ്റിദ്ധാരണയിൽ നിന്ന് ഉടലെടുത്ത എതിർപ്പുകൾ ചിലയിടത്തെങ്കിലും ഉണ്ടാകുമ്പോൾ, ഗുരുവായൂരിൽ ജനങ്ങളുടെ പൂർണ സഹകരണത്തോടെ നഗരസഭാ പരിധിയിൽ തന്നെ ഇങ്ങനെയൊരു പ്ലാന്റ് പ്രവർത്തിക്കുന്നു.
ഇക്കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ നമ്മുടെ മാധ്യമങ്ങൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഗവണ്മെന്റിനോടുള്ള രാഷ്ട്രീയ എതിർപ്പോ അഭിപ്രായ വ്യത്യാസമോ ഇങ്ങനെയുള്ള മികച്ച മാതൃകകളെ പ്രോത്സാഹിപ്പിക്കുന്നതിന് തടസ്സമാവില്ലെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന് തന്നെ മാതൃകയായിട്ടുള്ള ഈ നേട്ടം ജനങ്ങളിലെത്തുന്നത് എല്ലായിടത്തും ഇങ്ങനെയുള്ള മാറ്റങ്ങളുണ്ടാക്കാൻ സഹായകമാകും. ഇന്ത്യയിലെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ഇപ്പോൾ ശുചിത്വകേരളത്തിന്റെ തന്നെ തീർത്ഥാടന കേന്ദ്രമായി മാറുകയാണ്. ഈ മാറ്റത്തിന് നേതൃത്വം കൊടുത്ത ഇപ്പോഴത്തെ നഗരസഭക്കും മുൻ നഗരസഭാ കൗൺസിലിനും ഹൃദ്യമായ അഭിനന്ദനങ്ങൾ