ന്യൂഡല്ഹി> സമരവുമായി ബന്ധപ്പെട്ട് ഏജീസ് ഓഫീസില് നിന്നും 2009 ല് പിരിച്ചുവിട്ട കെഎ മാനുവലിനെ തിരികെ സര്വീസിലെടുക്കാന് സുപ്രീം കോടതി ഉത്തരവായി.തിരുവനന്തപുരം അക്കൗണ്ടന്റ് ജനറല് ഓഫീസില് അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര് ആയിരിക്കെ 2009 മാര്ച്ച് അഞ്ചിനാണ് മാനുവലിനെ പിരിച്ചുവിട്ടത്.
ഏജീസ് ഓഫീസിലെ ജീവനക്കാര് ചെയ്യേണ്ട ജോലികള് പുറംകരാര് കൊടുക്കാനുള്ള ശ്രമത്തിനെതിരെ ആഡിറ്റ് ആന്റ് അക്കൗണ്ട്സ് അസോസിയേഷന് സമരം നടത്തിയിരുന്നു. സമരത്തെ തുടര്ന്ന് തീരുമാനം പിന്വലിക്കേണ്ടിവന്നു. ആഡിറ്റ് അസോസിയേഷന് ജനറല് സെക്രട്ടറി ആയിരുന്ന മാനുവലിനെ ഇതേതുടര്ന്ന് കള്ളക്കേസില് കുടുക്കി പിരിച്ചുവിടുകയായിരുന്നു.
2010 ല് പിരിച്ചുവിടല് റദ്ദാക്കി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് ഉത്തരവിട്ടു. അത് ചോദ്യം ചെയ്ത് സിഎജിയും കേന്ദ്ര സര്കാരും ഫയല് ചെയ്ത അപ്പീല് തള്ളിക്കൊണ്ട് 2018-ല് കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവായെങ്കിലും കേന്ദ്രസര്ക്കാര് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.















