ന്യൂഡൽഹി > കേരളത്തില്‍ ബിജെപിക്ക് വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്നില്ലെന്ന് ദേശീയ എക്സിക്യൂട്ടീവില്‍ വിമര്‍ശനം. ഡൽഹിയില്‍ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിലാണ് കേരള ഘടകത്തിന് വിമര്‍ശനം. സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തി കുറഞ്ഞ തമിഴ്നാട്ടില്‍ പോലും ബിജെപിക്ക് കേരളത്തേക്കാള്‍ വളര്‍ച്ച നേടാന്‍ സാധിച്ചുവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ സംസ്ഥാന ഘടകത്തിന് കഴിയുന്നില്ല. കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയുടെ വീഴ്ചകളാണ് ദേശീയ എക്സിക്യൂട്ടീവ് ചൂണ്ടിക്കാണിച്ചതെന്നാണ് ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്. നേരത്തെ കെ സുരേന്ദ്രന് പ്രസിഡന്റ് സ്ഥാനത്ത് വീണ്ടും തുടരുമെന്ന സൂചന സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ നല്‍കിയിരുന്നു.
ഒരു പൊതുപരിപാടിയില്‍ ഇത്തരം ഗൗരവമുള്ള സംഘടനാ നിലപാട് പറഞ്ഞ പ്രകാശ് ജാവദേക്കര്ക്കെതിരെയും കേരളത്തിലെ ഒരുവിഭാഗം ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുമാറ്റി എം ടി രമേശിനെയോ വത്സന് തില്ലങ്കേരിയേയോ പകരം കൊണ്ടുവരാന്‍ ശ്രമിക്കുന്ന വിഭാഗത്തിന് സംസ്ഥാന നേതൃത്വത്തിനെതിരായ നിലപാട് കടുപ്പിക്കാന്‍ ദേശീയ എക്സിക്യൂട്ടീവിലെ വിമര്‍ശനം പിടിവള്ളിയാകുമെന്നാണ് ഒരുവിഭാഗം പറയുന്നത്.