മലപ്പുറം> മലപ്പുറം നഗരത്തിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ നഗരസഭയിലേക്ക് ബഹുജനമാർച്ച്. സിപിഐ എം മുനിസിപ്പൽ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാർച്ച്. കോട്ടപ്പടി തിരൂർ റോഡിൽനിന്ന് ആരംഭിച്ച് നഗരസഭ ഓഫീസിനുമുന്നിൽ സമാപിച്ചു.
ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ ഉദ്ഘാടനംചെയ്തു. കോട്ടപ്പടി മാർക്കറ്റ് നിർമാണം പൂർത്തിയാക്കുക, തെരുവുവിളക്ക് അഴിമതിക്കേസിൽ പ്രതിയായ സ്ഥിരംസമിതി അധ്യക്ഷൻ രാജിവയ്ക്കുക, അനധികൃത നിയമനം റദ്ദാക്കുക, ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിനായി പാഴാക്കിയ തുക തിരിച്ചടയ്ക്കുക, പ്രതിപക്ഷ വാർഡുകളോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കുക തുടങ്ജിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.