തിരുവനന്തപുരം
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന ഇ ബാലാനന്ദൻ അനുസ്മരണദിനം 19ന് ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. പാർടി ഓഫീസ് അലങ്കരിച്ചും പതാക ഉയർത്തിയും ദിനാചരണം വിജയിപ്പിക്കണം.
സ്വാതന്ത്ര്യസമരകാലത്തുതന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായ ഇ ബാലാനന്ദൻ ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവകാശപ്പോരാട്ടത്തിന് നേതൃത്വം നൽകി. പാർലമെന്റേറിയനെന്ന നിലയിലും അദ്ദേഹം മികച്ച ഇടപെടൽ നടത്തി.
കേന്ദ്രസർക്കാർ കർഷകരെയും തൊഴിലാളികളെയും നിരന്തരം ചൂഷണം ചെയ്യുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിമരണവും വർധിക്കുന്നു. സാധാരണക്കാരെ കാണാത്ത കോർപറേറ്റ് ഭരണമാണ് ബിജെപി നടത്തുന്നത്. വർഗീയതയും ജനാധിപത്യ അട്ടിമറിയുമാണ് ബിജെപി ഭരണത്തിന്റെ മുഖമുദ്ര.
കേരളത്തിൽ എൽഡിഎഫ് സർക്കാാരിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും കൈകോർക്കുകയാണ്. ജനങ്ങളെ അണിനിരത്തി വികസന വിരുദ്ധരെ ചെറുത്തുതോൽപ്പിക്കാൻ ഇ ബാലാനന്ദന്റെ സ്മരണ കരുത്തു പകരുമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.