റിയാദ്
രണ്ടുവർഷത്തിനുശേഷം ബാഴ്സലോണയ്ക്ക് ഒരു കിരീടം. ചിരവൈരികളായ റയൽ മാഡ്രിഡിനെ 3–-1ന് തകർത്ത് സ്പാനിഷ് സൂപ്പർ കപ്പ് ചാമ്പ്യൻമാരായി. ലയണൽ മെസി പടിയിറങ്ങിയശേഷം ബാഴ്സ നേടുന്ന ആദ്യ കിരീടമാണിത്. പരിശീലകൻ സാവിയും കന്നിവിജയം ചൂടി.
റിയാദിൽ നടന്ന ഫൈനലിൽ പതിനെട്ടുകാരൻ ഗാവിയാണ് റയലിനെ തകർത്തത്. ഒന്നടിക്കുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു ഗാവി. റോബർട്ട് ലെവൻഡോവ്സ്കി, പെഡ്രി എന്നിവരും ലക്ഷ്യം കണ്ടു. പരിക്കുസമയം കരിം ബെൻസെമയാണ് റയലിന്റെ ആശ്വാസഗോൾ കണ്ടെത്തിയത്.
തിരിച്ചടികളുടെ കാലം കഴിഞ്ഞെന്ന വിളംബരമാണ് ബാഴ്സ നടത്തിയത്. കഴിഞ്ഞ സീസണുകളിൽ കിരീടവരൾച്ചയായിരുന്നു. മെസി ഉൾപ്പെടെ പ്രധാന താരങ്ങളെല്ലാം ടീം വിട്ടു. മുൻ പ്രസിഡന്റ് ജോസപ് മരിയ ബർതമോവിന്റെ നയങ്ങളും തിരിച്ചടിച്ചു. സാമ്പത്തികമായും തളർന്നു. പരിശീലകർ വന്നുപോയി. 2021ലാണ് മുൻ താരമായ സാവി ചുമതലയേറ്റെടുത്തത്. ബാഴ്സ അക്കാദമിയിലെ കൗമാരക്കാരെ ഉൾപ്പെടുത്തി പരിശീലകൻ ടീമിനെ ഉടച്ചുവാർത്തു. ഗാവി, അലെയാൻന്ദ്രോ ബാൽദെ, അൻസു ഫാറ്റി തുടങ്ങിയവർ പ്രധാനികളായി. പെഡ്രി, റൊണാൾഡ് അറാഹുവോ എന്നിവരും നിർണായകമായി. മുന്നേറ്റത്തിൽ ഈ സീസണിൽ എത്തിച്ച ഗോളടിക്കാരൻ റോബർട്ട് ലെവൻഡോവ്സ്കിയും മിന്നി. സാവിയുടെ കളിശൈലിയും ബാഴ്സയ്ക്ക് പുത്തൻ ഊർജം സമ്മാനിച്ചു. ഇത്തവണ സ്പാനിഷ് ലീഗിൽ ഒന്നാംസ്ഥാനത്താണ്. ചാമ്പ്യൻമാരായ റയലിനേക്കാൾ മൂന്ന് പോയിന്റ് അധികം.
രണ്ട് വർഷംമുമ്പ് സ്പാനിഷ് കപ്പ്, കിങ്സ് കപ്പ് നേടിയതിനുശേഷം ബാഴ്സയുടെ ആദ്യ കിരീടമാണിത്. എൽ ക്ലാസിക്കോ ഫൈനലിൽ റയലിനെതിരെ തുടക്കംതൊട്ടേ ബാഴ്സയ്ക്കായിരുന്നു ആധിപത്യം. ഗാവിയായിരുന്നു എല്ലാ നീക്കങ്ങളുടെയും സൂത്രധാരൻ. പതിനെട്ടുകാരൻ നിറഞ്ഞുകളിച്ചു. ടൂർണമെന്റിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗാവി. നിലവിലെ പരിശീലകൻ സാവിയുടെ പേരിലുള്ള റെക്കോഡ് മായ്ച്ചു.















