കൊച്ചി
രാജ്യത്തെയാകെ ബാധിക്കുന്നതും തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതുമായ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടത്തിന് തയ്യാറാകണമെന്ന് കേന്ദ്ര–-സംസ്ഥാന ജീവനക്കാരുടെ സംയുക്ത കൺവൻഷൻ. കേന്ദ്ര നയങ്ങൾക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് കൊച്ചിയിൽ സംസ്ഥാന കൺവൻഷൻ ചേർന്നത്. ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, എൻപിഎസ് പദ്ധതി ഉപേക്ഷിക്കുക, കരാർ-–-കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയും കാവിവൽക്കരണവും അവസാനിപ്പിക്കുക, മരവിപ്പിച്ച മുഴുവൻ ക്ഷാമബത്തയും അനുവദിക്കുക, ആശ്രിതനിയമനത്തിലെ തടസ്സങ്ങൾ നീക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയം കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജനറൽ സെക്രട്ടറി വി ശ്രീകുമാർ അവതരിപ്പിച്ചു.
എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് എൻ ടി ശിവരാജൻ അധ്യക്ഷനായി. രാജ്യത്തെയാകെ ബാധിക്കുന്നതും തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതുമായ നയങ്ങൾക്കെതിരെ ഐക്യം ശക്തിപ്പെടുത്തി പോരാട്ടത്തിന് ഒരുങ്ങാനും പ്രമേയത്തിൽ ആഹ്വാനം ചെയ്തു. എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന ബദൽനയങ്ങളെ തകർത്ത് ജനവിരുദ്ധനയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ പ്രതിരോധിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ആർ സാജൻ, പി ജെ ബിനീഷ്, എം ഷാജഹാൻ, പി ആർ സ്മിത, ഇ നാസർ, ടി സുബ്രഹ്മണ്യൻ, ആർ അനിൽകുമാർ, ബോബിനാഥ്, ഒ സുനിൽകുമാർ, ഡോ. ജൂലിയ ഡേവിഡ്, ജോസി കെ ചിറപ്പുറം, പി ശിവദാസ്, കെ പി പ്രമീള, എ വിനൂപ്, സി എസ് ഹരീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. എസ് ധന്യ, കെ ബാലകൃഷ്ണൻ, എം വി ശശിധരൻ, ഡോ. എം എ നാസർ, പി സുരേഷ്, കെ എൻ അശോക്കുമാർ എന്നിവർ കൺവൻഷൻ നിയന്ത്രിച്ചു.















