ന്യൂഡല്ഹി> ബഫര്സോണ് വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി. പരിഗണിക്കുന്ന ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങള് നല്കിയ പുനഃപരിശോധനാ ഹര്ജി ഇപ്പോള് പരിഗണിക്കേണ്ടതില്ലെന്നു കോടതി പറഞ്ഞു. ഭേദഗതി വരുത്തിയാല് പിന്നെ പുനഃപരിശോധനയുടെ ആവശ്യമില്ലെന്നു കോടതി അഭിപ്രായപ്പെട്ടു.
ബഫര് സോണ് മേഖലകള് ജനങ്ങള്ക്കു പ്രശ്നങ്ങള് ഉണ്ടാക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വര കോടതിയെ അറിയിച്ചു. തുടര്ന്നാണ് മൂന്നംഗ ബെഞ്ചിനു വിടാമെന്നു കോടതി പറഞ്ഞത്.
വന്യജീവി സങ്കേതങ്ങള്ക്കും ദേശീയ ഉദ്യാനങ്ങള്ക്കും ബഫര്സോണ് നിശ്ചയിച്ച കോടതി വിധിയില് കേരളം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്രസര്ക്കാര് കരട് വിജ്ഞാപനമിറക്കിയ 16 സംരക്ഷിത മേഖലകളെ വിധിയുടെ പരിധിയില്നിന്നും ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള് കേരളത്തിന്റെ ആവശ്യത്തില് വിശദമായ വാദം കേള്ക്കാമെന്ന് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.