ആലപ്പുഴ> ആലപ്പുഴയിൽ അച്ചടക്ക നടപടിയെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അബദ്ധവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. അമ്പലപ്പുഴയിൽ സിപിഐ എം ഭവനസന്ദർശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“പാർടിക്ക് നിരക്കാത്ത സമീപനം സ്വീകരിച്ചതിന്റെ പേരിൽ ഒരാളെ സസ്പെൻഡ് ചെയ്തുവെന്നത് യാഥാർഥ്യമാണ്. ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത്. എന്നാൽ മാധ്യമങ്ങളിൽ വന്നതെന്താണ്. രണ്ട് ഭാഗമായിനിന്ന് വലിയ പോരാട്ടം നടത്തുന്നുവെന്നാണ്. ഇത്തരത്തിൽ ഒരുപാട് അബദ്ധവാർത്തകളാണ് മാധ്യമങ്ങൾ സൃഷ്ടിക്കുന്നത്. അതിനോട് പ്രതികരണം ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടുണ്ട്.
എൽഡിഎഫ് സർക്കാർ നന്നായി നീങ്ങുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഭവനസന്ദർശനത്തിൽ സർക്കാരിനെക്കുറിച്ചും പാർടിയെക്കുറിച്ചും നല്ല അഭിപ്രായം പറയുമ്പോൾ വിമർശനംകൂടി അറിയിക്കാൻ അങ്ങോട്ട് ആവശ്യപ്പെടുന്നുണ്ട്. അപ്പോൾ വിമർശനപരമായ നല്ല പ്രതികരണവും വരുന്നു. അത് വലിയ അനുഭവമാണ്” – എം എ ബേബി പറഞ്ഞു.